തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ തന്നെ കരിങ്കൊടി കാട്ടിയത് മാദ്ധ്യമപ്രവര്‍ത്തകര്‍ വാടകയ്‌ക്ക് എടുത്തവരാണെന്ന പ്രസ്താവന പൂര്‍ണമായി തിരുത്താന്‍ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ തോന്നലാണ് പറഞ്ഞതെന്നും അത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ട സാഹചര്യത്തില്‍ തര്‍ക്കിക്കാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിനൊടുവില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സംഭവം വിശദീകരിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഒന്നേകാലോടെ കന്റോണ്‍മെന്റ് റോഡ് കഴിഞ്ഞ് പോകുമ്പോള്‍ ഇടത് ഭാഗത്ത് കൂടി രണ്ട് പേര്‍ ക്യാമറയും പിടിച്ചുവരുന്നത് കണ്ടു. അതേസമയം തന്നെയാണ് വലതുഭാഗത്ത് കരിങ്കൊടിയുമായി രണ്ടുപേരെ കണ്ടത്. അതുകൊണ്ടാണ് ചാനലുകാര്‍ ഇവരെ കൊണ്ടുവന്നു എന്ന് തോന്നിയത്. ചാനലുകളിലെ ചില വിരുതന്‍മാര്‍ പല കാര്യങ്ങളും നേരത്തെ ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞത്. തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടെന്നും മാദ്ധ്യമങ്ങള്‍ ചെയ്ത രീതികള്‍ തനിക്ക് അറിയാമെന്നും പിണറായി വിജയന്‍ പറഞ്ഞു.
തോന്നലുകള്‍ തെറ്റായിരുന്നുവെന്ന് പറഞ്ഞുകൂടേ എന്ന ചോദ്യത്തിന് അങ്ങനെ പറയണ്ട കാര്യമില്ലല്ലോയെന്നായിരുന്നു മറുപടി. പഴയ പോസ്റ്റര്‍ കേസും മുഖ്യമന്ത്രി നിരത്തി. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിയില്‍ മറിച്ചാണ് വ്യക്തമായതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതിക്ക് തെളിവുകളാണ് വേണ്ടതെന്നും വസ്തുത, വസ്തുത അല്ലാതാകില്ലല്ലോ എന്നുമായിരുന്നു മറുപടി.
ഒരു കാലത്തും മാദ്ധ്യമങ്ങളെ താന്‍ അടച്ചാക്ഷേപിച്ചിട്ടില്ല. കഠിനമായ ആക്രമണങ്ങള്‍ ഏറ്റുവാങ്ങുന്ന സ്ഥിതിയില്‍ പോലും അത്തരമൊരു നിലപാട് സ്വീകരിക്കില്ല. മുഖ്യമന്ത്രിയായ ശേഷം എല്ലാ മാദ്ധ്യമങ്ങളും തന്നെ സഹായിക്കുന്ന സമീപനമാണെന്നും പിണറായി പറഞ്ഞു. തന്റെ കസേരയില്‍ മഹാന്‍മാര്‍ ഇരുന്നതാണെന്ന ബോധ്യമുണ്ട് പക്ഷെ തനിക്ക് തന്റെ രീതിയേ സ്വീകരിക്കാന്‍ കഴിയൂവെന്നും പിണറായി പറഞ്ഞു.