ന്യൂഡല്‍ഹി: പാരീസ് കാലാവസ്ഥാ ഉടമ്പടിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ ഉടമ്പടി രാജ്യം ഔദ്യോഗികമായി അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് മന്ത്രിസഭയുടെ അംഗീകാരം.
പാരീസില്‍ ഡിസംബറില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ ഉടമ്പടി 191 രാജ്യങ്ങള്‍ ഇതുവരെ ഒപ്പുവെച്ചുകഴിഞ്ഞു. ഇതില്‍ അറുപത്തിയൊന്ന് രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിക്കുകയോ അംഗീകരിക്കാന്‍ സന്നദ്ധത അറിയിക്കുകയോ ചെയ്തിട്ടുണ്ട്. ആഗോള വാതക ബഹിര്‍ഗമനത്തിന്റെ 47.79% പങ്കാളിത്തമുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളാണ് ഇവ. ആഗോള തലത്തിലെ കണക്കനുസരിച്ച് ഇന്ത്യ 4.5 ശതമാനം കാര്‍ബണ്‍ ആണ് പുറന്തളളുന്നത്.
2015 ഡിസംബര്‍ 12ന് 185 രാജ്യങ്ങള്‍ അംഗീകരിച്ച പാരിസ് ഉടമ്പടിയില്‍ ഏപ്രില്‍ 22ന് ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇന്ത്യ ഒപ്പുവച്ചത്. മൊത്തം ആഗോളവാതക ബഹിര്‍ഗമനത്തിന്റെ 55% സംഭാവന ചെയ്യുന്ന 55 രാജ്യങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ഉടമ്പടി നിലവില്‍ വരും.
പാരിസ് ഉടമ്പടി അംഗീകരിക്കുന്നതോടെ, അതിന്റെ ദേശീയ നിയമങ്ങള്‍, വികസന അജന്‍ഡ, നടപ്പാക്കല്‍ സാധ്യതകള്‍ക്ക് വഴിതേടല്‍, കാലാവസ്ഥാ വ്യതിയാനത്തിനെതിരായി പൊരുതുന്നതിലെ ആഗോള പ്രതിബദ്ധത നിശ്ചയിക്കല്‍ എന്നിവ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നു പ്രഖ്യാപിക്കാന്‍കൂടി മന്ത്രിസഭായോഗം തീരുമാനിച്ചു. 2020നു ശേഷമുളള കാര്യത്തിലാണ് പാരിസ് ഉടമ്പടി നിര്‍ണായകമാകുന്നത്. 2020നു മുമ്പുള്ള കാലയളവില്‍ വികസിത രാഷ്‌ട്രങ്ങള്‍ ക്യോട്ടോ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചില വികസ്വര രാഷ്‌ട്രങ്ങള്‍ നിര്‍ബന്ധിത പ്രതിജ്ഞ എടുക്കുകയുമാണു ചെയ്യുന്നത്.