ഉറി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസ് പറഞ്ഞു. ഭീകരതയ്ക്കെതിരെയുളള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും റൈസ് വ്യക്തമാക്കി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണിൽ വിളിച്ചാണ് സൂസൻ റൈസ് അമേരിക്കയുടെ പിന്തുണ അറിയിച്ചത്. ഉറി ഭീകരാക്രമണത്തെ അപലപിച്ച അവർ, ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനുള്ള പിന്തുണ തുടരുമെന്നും അറിയിച്ചു. ഉറി ആക്രമണം നടത്തിയ ഭീകരർക്കെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റൈസ് പറഞ്ഞു.
ആഗോള ഭീകരവാദം ഇല്ലാതാക്കാൻ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ, പാകിസ്ഥാൻ അണിനിരക്കുമെന്നാണ് പ്രതീക്ഷ. ഉറി ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് സൂസൻ റൈസ് അജിത് ഡോവലുമായി സംസാരിക്കുന്നത്. ആക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും അവർ അറിയിച്ചു.
ഉറി ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ കൂടുതൽ വിജയം വരിക്കുന്നതിന്റെ തെളിവായി വേണം ആവർത്തിച്ചുളള അമേരിക്കയുടെ പിന്തുണയെ കാണാൻ.