ന്യൂഡൽഹി : പാക് അധീന കശ്മീരിൽ ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ ബംഗ്ളാദേശ് പിന്തുണച്ചു . തങ്ങളുടെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാനുള്ള അവകാശം ഭാരതത്തിനുണ്ടെന്ന് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഉപദേശകൻ ഇഖ്ബാൽ ചൗധരി വ്യക്തമാക്കി.
കശ്മീർ പ്രശ്നം ഇരു രാജ്യങ്ങൾ തമ്മിലുള്ളതാണെന്നും അതിൽ ഒരു രാജ്യം അതിക്രമം നടത്തുന്നത് സത്യമാണെന്നും ചൗധരി പറഞ്ഞു . ബംഗ്ളാദേശിൽ യാതൊരു തരത്തിലുള്ള ഭീകരവാദവും വച്ചുപൊറുപ്പിക്കില്ല . ഭീകരവാദത്തോട് മൃദുസമീപനമില്ല എന്നത് സർക്കാരിന്റെ നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ സമാധാനം പുലരാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്നും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
ഉറി ആക്രമണത്തിന് മറുപടിയായി പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരേ ഇന്ത്യൻ സൈന്യം ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടത്തിയത് . നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് . പാകിസ്ഥാനെതിരെയുള്ള ഇന്ത്യൻ നിലപാടിന് നേരത്തേയും ബംഗ്ളാദേശിനൊപ്പം അഫ്ഗാനിസ്ഥാനും പിന്തുണ അറിയിച്ചിരുന്നു . ബലൂചിസ്ഥാനിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനും ഇരു രാജ്യങ്ങളുടേയും പിന്തുണ ലഭിച്ചിരുന്നു.