ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ മേഖലകളിലും ജാഗ്രത പുലര്‍ത്തി ഇന്ത്യന്‍ സൈന്യം. കശ്മീരിലും പഞ്ചാബിലും അതിര്‍ത്തി മേഖലയിലെ ജനങ്ങളെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചു.
പഞ്ചാബിലെ അതിര്‍ത്തി മേഖലയ്ക്ക് പത്ത് കിലോമീറ്റര്‍ ഉളളിലുളളവരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സൈനിക നടപടിയുടെ വിശദാംശങ്ങള്‍ വിലയിരുത്താനും സംസ്ഥാനത്തെ അതിര്‍ത്തി മേഖലയിലെ സുരക്ഷ ഉറപ്പാക്കാനും രാവിലെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അടിയന്തര യോഗം വിളിച്ചിരുന്നു.
അതിര്‍ത്തി ജില്ലകളായ പഠാന്‍കോട്ട്, ഗുര്‍ദാസ്പൂര്‍, അമൃത്്സര്‍, ഫസില്ഖ, ഫിറോസെപൂര്‍ തുടങ്ങിയ മേഖലകളില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഈ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളെ ഒഴിപ്പിച്ചത്.
കശ്മീരിലും അതിര്‍ത്തി മേഖലയില്‍ നിന്ന് സൈന്യം ജനങ്ങളെ ഒഴിപ്പിച്ചു. പത്ത് കിലോമീറ്ററുകള്‍ക്ക് ഉളളിലുളള സ്കൂളുകള്‍ ഉള്‍പ്പെടെ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത പുലര്‍ത്താന്‍ ബിഎസ്എഫിനും മറ്റ് സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം ലഭിച്ചുകഴിഞ്ഞു.
അതിര്‍ത്തിയില്‍ ആക്രമണം ഉണ്ടായ സ്ഥിതിക്ക് പാകിസ്ഥാന് ഇരുട്ടിന്റെ മറവില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് വെടിയുതിര്‍ക്കാനുളള സാദ്ധ്യത മുന്‍നിര്‍ത്തിയാണ് ജനങ്ങളെ ഒഴിപ്പിച്ചത്.