ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛഭാരതം പദ്ധതി അമർ ചിത്രകഥയാകുന്നു . ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികളെ ബോദ്ധ്യപ്പെടുത്താനാണ് അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രകഥാരൂപത്തിലൂടെ പദ്ധതിയുടെ പ്രാധാന്യം വിവരിക്കുന്നത്. പദ്ധതിക്ക് രണ്ടു വർഷം തികയുന്ന ഒക്ടോബർ രണ്ടിന് അമർ ചിത്രകഥാരൂപത്തിൽ ഇത് കുട്ടികളിലേക്കെത്തും.
അനന്ത പൈ തുടക്കമിട്ട അമർചിത്ര കഥ ഭാരതത്തിലെ മിത്തുകളും നാടോടിക്കഥകളും ഐതിഹ്യങ്ങളും ഇതിഹാസങ്ങളുമാണ് ചിത്രകഥാ രൂപത്തിൽ പുറത്തിറക്കിയിരുന്നത് . രണ്ടായിരത്തഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് സിന്ധു നദീതട സംസ്കാരത്തിൽ അനുവർത്തിച്ചിരുന്ന ശുചിത്വ പദ്ധതികളെപ്പറ്റി അമർ ചിത്രകഥയിൽ പ്രതിപാദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റിയും സ്വച്ഛ ഭാരതത്തിന്റെ ഭാഗമായി നിന്ന് പ്രവർത്തിച്ച പ്രശസ്ത വ്യക്തികളെപ്പറ്റിയും ചിത്രകഥയിൽ പരാമർശമുണ്ട്.
കേന്ദ്രീയ വിദ്യാലയങ്ങളിലും മറ്റ് സർക്കാർ സ്കൂളുകളിലും ചിത്രകഥ ലഭ്യമാക്കും.വിദ്യാർത്ഥികൾ പദ്ധതിയുടെ എങ്ങനെ പദ്ധതിയുടെ ഭാഗമാകണമെന്ന നിർദ്ദേശങ്ങളും ചോദ്യോത്തരങ്ങളും ചിത്രകഥയിലുൾപ്പെടുന്നു.