കൊളംബോ: സാര്‍ക്ക് ഉച്ചകോടി നടക്കാനിരിക്കുന്ന ഇസ്ലാമാബാദിലെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് അംഗരാജ്യമായ ശ്രീലങ്കയും രംഗത്തെത്തി. നിലവിലെ സാഹചര്യം ഉച്ചകോടി നടത്താന്‍ അനുയോജ്യമല്ലെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഉറിയിലെ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കില്‍ പ്രതിഷേധിച്ച് സമ്മേളനത്തില്‍ നിന്ന് പിന്‍മാറുന്നതായി നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭൂട്ടാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഉച്ചകോടിയില്‍ നിന്ന് പിന്‍മാറുന്നതായി വ്യക്തമാക്കിയിരുന്നു. ആരും പങ്കെടുത്തില്ലെങ്കിലും ഉച്ചകോടി നിശ്ചയിച്ച രീതിയില്‍ തന്നെ നടത്തുമെന്ന നിലപാടിലായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ശ്രീലങ്കയും ആശങ്ക അറിയിച്ചതോടെ ഉച്ചകോടിയുടെ പ്രസക്തി തന്നെ ഏറെക്കുറെ നഷ്ടമായിരിക്കുകയാണ്.
സൗത്ത് ഏഷ്യയിലെ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ മേഖലാ സഹകരണം യാഥാര്‍ഥ്യമാക്കണമെങ്കില്‍ സമാധാനവും സുരക്ഷയും അവശ്യഘടകങ്ങളാണെന്ന് ശ്രീലങ്ക ചൂണ്ടിക്കാട്ടി. സാര്‍ക്കിലെ സ്ഥാപക അംഗമെന്ന നിലയില്‍ മേഖലയിലെ സഹകരണം ഉറപ്പിക്കുന്നതില്‍ ശ്രീലങ്ക പ്രതിജ്ഞാബദ്ധമാണ്. തീവ്രവാദത്തെ അതിന്റെ ഏത് രൂപത്തിലും ശ്രീലങ്ക അപലപിക്കുകയാണ്. മേഖലയുടെ സമാധാനവും സുരക്ഷയും ഉറപ്പിക്കാന്‍ ചേരുന്ന സമ്മേളനം കൂടുതല്‍ ക്രിയാത്മകമായ അന്തരീക്ഷത്തില്‍ നടക്കണമെന്നാണ് നിലപാടെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.
നേപ്പാളാണ് സാര്‍ക്കിന്റെ അദ്ധ്യക്ഷപദവി കൈയ്യാളുന്ന രാജ്യം. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്രപരമായി പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സമ്മേളനത്തില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യ തീരുമാനിച്ചത്.