ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യന്‍ സൈന്യം കനത്ത ആഘാതമേല്‍പിച്ച പാകിസ്ഥാന് ഇരട്ടിപ്രഹരമായി സാര്‍ക്ക് ഉച്ചകോടിയും മാറ്റിവെച്ചു. ഇന്ത്യയുടെ നിലപാട് ശരിവെച്ച് കൂടുതല്‍ രാജ്യങ്ങള്‍ സുരക്ഷാകാര്യത്തില്‍ ആശങ്ക ഉയര്‍ത്തിയതോടെ സമ്മേളനം മാറ്റിവെയ്‌ക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. നവംബറില്‍ നടക്കാനിരുന്ന ഉച്ചകോടി മാറ്റിവെച്ചതായി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സാര്‍ക്ക് ഉച്ചകോടി നടത്തുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സമ്മേളനത്തിന്റെ പുതിയ തീയതികള്‍ സാര്‍ക്ക് അദ്ധ്യക്ഷ രാഷ്്ട്രമായ നേപ്പാളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഉച്ചകോടി നടത്താനാകില്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായും പാക് വിദേശകാര്യവകുപ്പ് വക്താവ് നഫീസ് സഖരിയ പറഞ്ഞു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഭൂട്ടാനും ഇതേ നിലപാട് തന്നെ സ്വീകരിച്ചു. എന്നാല്‍ ഉച്ചകോടിയില്‍ മാറ്റമില്ലെന്നും നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്നുമുളള നിലപാടിലായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ സുരക്ഷാ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ശ്രീലങ്കയും ഇന്ന് രംഗത്തെത്തിയതോടെയാണ് ഉച്ചകോടി മാറ്റിവെയ്‌ക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായത്.
ഇന്ത്യയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു പാക് വിദേശകാര്യമന്ത്രാലയം സാര്‍ക്ക് ഉച്ചകോടി മാറ്റിവെച്ച വിവരം അറിയിച്ചത്. ഇന്ത്യയാണ് മറ്റ് രാജ്യങ്ങളുടെ തീരുമാനത്തിന് കാരണമെന്നും പാകിസ്ഥാന്‍ ആരോപിച്ചു. ദാരിദ്ര്യത്തിനെതിരെ പോരാടണമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ ഇന്ത്യയുടെ നീക്കം പിന്നോട്ടടിക്കുമെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടി. സാര്‍ക്ക് ഉച്ചകോടി മാറ്റിവെയ്‌ക്കേണ്ടി വന്നത് അന്താരാഷ്‌ട്ര തലത്തില്‍ പാകിസ്ഥാന് വരും നാളുകളില്‍ വലിയ തിരിച്ചടിയാകും.