ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷമുളള സ്ഥിതി വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഇന്ന്
കശ്മീര്‍ സന്ദര്‍ശിച്ചേക്കും. അതിര്‍ത്തിയിലെ സുരക്ഷ ഇന്ത്യയും പാകിസ്ഥാനും ശക്തമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദല്‍ബീര്‍ സിംഗ് സുഹാഗിന്റെ സന്ദര്‍ശനം.
അതിര്‍ത്തി മേഖലയിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന കരസേനാ മേധാവി നിയന്ത്രണരേഖയില്‍ ഉള്‍പ്പെടെ സ്വീകരിച്ചിട്ടുളള സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തും. ഉദംപൂരിലെ നോര്‍ത്തേണ്‍ കമാന്‍ഡ് ആസ്ഥാനത്താണ് ദല്‍ബീര്‍ സിംഗ് സുഹാഗ് ആണ് എത്തുക. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായും കരസേനാ മേധാവി കൂടിക്കാഴ്ച നടത്തും.
പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇതിന് ശേഷം മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി അതിര്‍ത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇതടക്കമുളള സുരക്ഷാനടപടികള്‍ കരസേനാ മേധാവി വിലയിരുത്തും.