കാബൂള്‍: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പിന്തുണച്ച് മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. സ്വന്തം മണ്ണ് സംരക്ഷിക്കാനുളള ന്യായമായ നടപടിയാണ് ഇന്ത്യന്‍ സൈന്യം നടത്തിയതെന്നും ഹമീദ് കര്‍സായി പറഞ്ഞു.
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെയും മതമൗലികവാദത്തിന്റെയും ഇരയാണ് അഫ്ഗാനിസ്ഥാന്‍. അതിര്‍ത്തിയില്‍ ഇത്തരമൊരു സൈനിക നടപടി വേണമെന്ന് അഫ്ഗാനിസ്ഥാന് എന്നേ കരുതുന്നതാണ്. അമേരിക്കയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇക്കാര്യം സാദ്ധ്യമായിരുന്നില്ലെന്ന് കര്‍സായി ചൂണ്ടിക്കാട്ടി.
പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉചിതമായ നടപടിയാണെന്ന തരത്തില്‍ നിരവധി ലോകനേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സൈന്യത്തെയും പ്രകീര്‍ത്തിച്ചിരുന്നു. അഫ്ഗാന്‍ നേരത്തെ തന്നെ ഔദ്യോഗികമായി ഇന്ത്യയ്‌ക്ക് പിന്തുണ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റ് കൂടിയായ കര്‍സായിയും ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് രംഗത്തെത്തിയത്.
നേരത്തെ ബലൂചിസ്ഥാന്‍ വിഷയത്തിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയോട് യോജിച്ച് കര്‍സായി രംഗത്തെത്തിയിരുന്നു.