ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്കി. എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഇന്നലെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയും ഗുജറാത്തും ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
രാജസ്ഥാന്, പഞ്ചാബ്, ജമ്മു-കശ്മീര്‍ എന്നീ സംസ്ഥാനങ്ങളോടും അതീവജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ജിക്കല്‍ സ്ട്രൈക്കിന് പകരം വീട്ടാന്‍ തീവ്രവാദി സംഘങ്ങള്‍ ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്നാണ് നടപടി. രാജ്യം നവരാത്രി ആഘോഷങ്ങളിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
രാജ്യസുരക്ഷ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര വകുപ്പ് സെക്രട്ടറി രാജീവ് മെഹര്‍ഷി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.