ന്യൂഡൽഹി: പാകിസ്ഥാൻ അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകളിൽ ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്കിന് പാകിസ്ഥാൻ സൈനിക മേധാവി റഹീൽ ഷെരീഫ് പ്രതികാരം ചെയ്തേക്കുമെന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിർദ്ദേശങ്ങളെ മുഖവിലയ്ക്കെടുക്കാതെ ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചു വിടാൻ സൈന്യത്തിനു നിർദ്ദേശം നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഭാരതത്തിനെതിരേ കടുത്ത ശത്രുതാമനോഭാവം പുലർത്തുന്ന വ്യക്തിയാണ് റഹീൽ ഷെരീഫ്. ഈ നവംബറിൽ പട്ടാളസർവ്വീസിൽ നിന്നും വിരമിക്കുന്ന റഹീൽ, അതിനു മുൻപായി പ്രതികാരനടപടിക്ക് ഒരുങ്ങിയേക്കാമെന്നാണ് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പു നൽകുന്നത്.
അതേസമയം, അതിർത്തിയിൽ ഇപ്പൊഴും വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് പാകിസ്ഥാൻ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. ശക്തമായ പ്രതിരോധം തീർക്കുന്നതിന് ഭാരതം സൈന്യത്തിനു നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഏതു സാഹചര്യത്തേയും നേരിടാൻ സജ്ജമാണ് ഭാരതത്തിന്റെ മൂന്നു സേനാവിഭാഗങ്ങളും. ഏതു പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ പോന്ന എല്ലാ സാഹചര്യങ്ങളും സൈന്യം ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞുവെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.