തിരുവനന്തപുരം : അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ ജനാധിപത്യസംരക്ഷണത്തില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പ്രധാന പങ്കാണ് വഹിക്കുന്നത്.
പൊതുസമൂഹം ഇവരില്‍ വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. ഈ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളോ വിയോജിപ്പുകളോ ഉണ്ടാകുന്നത് സമൂഹത്തിന്റെ ഉത്തമതാല്പര്യങ്ങള്ക്ക് ഗുണകരമാകില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള വഴികണ്ടെത്തി, സൗഹാര്‍ദ്ദപൂര്‍ണവും പരസ്പര ബഹുമാനത്തോടുകൂടിയതുമായ സാഹചര്യമൊരുക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
ചീഫ് ജസ്റ്റിസ് വിളിച്ച യോഗത്തിലെ ധാരണ പ്രകാരം ഇന്നലെ ഹൈക്കോടതിയിൽ എത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് നേരേ അഭിഭാഷകർ ഭീഷണി മുഴക്കിയതായി ആരോപണമുയർന്നിരുന്നു. കോടതിയിൽ നിന്ന് പുറത്തുപോയില്ലെങ്കിൽ തല്ലുമെന്ന് പറഞ്ഞതായും മാദ്ധ്യമ പ്രവർത്തകർ പരാതി പറഞ്ഞിരുന്നു. തുടർന്ന് മാദ്ധ്യമ പ്രവർത്തകർ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി . ഈ സാഹചര്യത്തിലാണ് ഗവർണറുടെ പരാമർശം.