ന്യൂഡൽഹി: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി, ഗാന്ധിജയന്തി ദിനമായ ഇന്നു മുതൽ രാജ്യത്തെ എല്ലാ ദേശീയ സ്മാരകങ്ങളിലും സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം.
“സ്വച്ഛ് ഭാരത് പദ്ധതിയുടെ അടുത്ത ചുവടുവയ്‌പ്പെന്ന നിലയിൽ രാജ്യത്തെ എല്ലാ ദേശീയ സ്മാരകങ്ങളിലും, വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഈ ഗാന്ധിജയന്തി ദിനം മുതൽ പോളിത്തീൻ ഉൽപ്പന്നങ്ങളുടെ ഉപയോഗം നിരോധിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു” കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ്മ പറഞ്ഞു.
അതേസമയം, പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് തൽക്കാലം നിരോധനമില്ലെന്നും, എന്നാൽ അവയുടെ കൃത്യമായ സംസ്കരണം ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞമാസം മുതൽ നടപ്പിലാക്കിത്തുടങ്ങിയതായി അറിയിച്ച അദ്ദേഹം, ദേശീയ സ്മാരകങ്ങളുടെ നൂറു മീറ്റർ ദൂരപരിധിയ്‌ക്കുള്ളിൽ പോളിത്തീൻ ഉൽപ്പന്നങ്ങളുടെ നിരോധനം ഉണ്ടായിരിക്കുന്നതായും അറിയിച്ചു.
‘പോളിത്തീൻ മുക്ത സ്മാരകങ്ങൾ’ എന്ന പദ്ധതിയ്‌ക്കു തുടക്കം കുറിച്ചു കൊണ്ട് അദ്ദേഹം ചെങ്കോട്ട, കുത്തബ്‌മിനാർ, ഹുമയൂൺ ശവകുടീരം എന്നിവിടങ്ങൾ സന്ദർശിയ്‌ക്കും. ദേശീയസ്മാരകങ്ങളുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സഹകരണമുണ്ടെങ്കിൽ പദ്ധതി നടപ്പിലാക്കുന്നത് എളുപ്പമായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഒരുമാസത്തിനു ശേഷം, പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്ന സർക്കാർ, നിയമലംഘനത്തിനെതിരേ പിഴയോ, മറ്റു ശിക്ഷാനടപടികളോ കൈക്കൊള്ളേണ്ടതുണ്ടോയെന്നും പരിശോധിയ്‌ക്കും.
50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉൽപ്പാദനം നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ മാർച്ചിൽ ഉത്തരവിറക്കിയിരുന്നു. സംസ്കരിക്കുവാനോ, മണ്ണിൽ ദ്രവിയ്‌ക്കുവാനോ സാദ്ധ്യമല്ലാത്ത ഇത്തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ രാജ്യത്തെ പരിസ്ഥിതിയ്‌ക്ക് വൻ ഭീഷണിയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ഒക്ടോബർ 2ന്, ഗന്ധിജയന്തി ദിനത്തിലാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിയ്‌ക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിലും, പരിസരശുചീകരണത്തിലും, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഖരമാലിന്യ സംസ്കരണത്തിലും വൻ കുതിപ്പായിരുന്നു ഗാന്ധിജി സ്വപ്നം കണ്ട ഈ പദ്ധതിയിലൂടെ രാജ്യം കൈവരിച്ചത്.