പൂനെ: അബദ്ധത്തില്‍ പാക് അധീന കശ്മീരില്‍ കടന്നതിന് പാക് സൈന്യം പിടികൂടിയ ഇന്ത്യന്‍ സൈനികനെ തിരിച്ചുകൊണ്ടുവരാനുളള ശ്രമങ്ങള്‍ ഊര്‍ജ്ജിതമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇരുരാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തലത്തിലാണ് ഇതിനുളള ശ്രമങ്ങള്‍ നടക്കുന്നതെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവില്‍ നിലനില്‍ക്കുന്ന സാഹചര്യം മോശമായതുകൊണ്ടുതന്നെ സൈനികനെ തിരികെയെത്തിക്കാന്‍ സമയമെടുക്കുമെന്ന് മനോഹര്‍ പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. സൈനികന്റെ സുരക്ഷിതമായ മോചനം സാദ്ധ്യമാക്കുന്ന വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
37 രാഷ്ട്രീയ റൈഫിള്‍സിലെ ചന്ദു ബാഹുലാല്‍ ചാവന്‍ എന്ന സൈനികനാണ് വ്യാഴാഴ്ച അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക് അധീന കശ്മീരില്‍ എത്തിപ്പെട്ടത്. അതിര്‍ത്തി മേഖലയില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെയായിരുന്നു സംഭവം. സൈനിക ഓപ്പറേഷനില്‍ പങ്കെടുത്ത സൈനികനെയാണ് പിടികൂടിയതെന്നായിരുന്നു പാകിസ്ഥാന് ആദ്യം അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കവേ ചന്ദു ബാഹുലാല്‍ പാക് പട്ടാളത്തി്ന്റെ കൈയ്യില്‍ അകപ്പെടുകയായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നീട് സ്ഥിരീകരിച്ചു. ഇയാളെ മോചിപ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും കഴിഞ്ഞ ദിവസം വ്യ്ക്തമാക്കിയിരുന്നു.