പാറ്റ്ന: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനിരോധനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ പുതിയ നിയമവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഉന്നതതല യോഗം വിളിച്ചാണ് പുതിയ മദ്യനയത്തിന് മുഖ്യമന്ത്രി രൂപം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാന്ധിജയന്തി ദിനമായ ഇന്ന് മുതല്‍ സംസ്ഥാനത്ത് വീണ്ടും മദ്യനിരോധനം നിലവില്‍ വന്നതായി നിതീഷ് കുമാര്‍ അറിയിച്ചു.
ഹൈക്കോടതി റദ്ദ് ചെയ്ത നിയമത്തിന് പകരം പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യ നിരോധനം പ്രാബല്യത്തിലായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മദ്യനിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം സംസ്ഥാനത്തെ സാമ്പത്തിക നില മെച്ചപ്പെട്ടുവരികയാണെന്നും മദ്യത്തിനായി പണം പാഴാക്കാതെ മറ്റ് കാര്യങ്ങള്‍ക്ക് ജനങ്ങള്‍ വിനിയോഗിക്കാന്‍ തുടങ്ങിയെന്നും നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബിഹാര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്സൈസ് ബില്‍-2016 പാറ്റ്ന ഹൈക്കോടതി റദ്ദ് ചെയ്തത്. കോടതി നടപടി സര്‍ക്കാരിന് തിരിച്ചടിയെന്ന തരത്തില്‍ പ്രചരിച്ചതോടെയാണ് ഇതിനെ മറികടക്കാന്‍ നിതീഷ് സര്‍ക്കാര്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയത്.
പുതിയ നിയമം പ്രാബല്യത്തിലായതിന് ഗസറ്റ് വിജ്ഞാപനം ആവശ്യമില്ലെന്നും ഒക്ടോബര്‍ രണ്ട് മുതല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയില്‍ സ്പെഷല്‍ ലീവ് പെറ്റീഷന് നല്‍കാനും സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.