തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നടത്തിയ പ്രതികരണം വിവാദമായതോടെ തിരുത്തുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. തന്റെ പ്രതികരണം സ്വാശ്രയ വിഷയത്തില്‍ അല്ലായിരുന്നുവെന്നും മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത് എസ്ബിഐ-എസ്ബിടി ലയനമാണെന്ന് കരുതിയാണ് താന്‍ അങ്ങനെ പ്രതികരിച്ചതെന്നും വി.എസ് വിശദീകരിച്ചു.
സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ സമരത്തോടുളള സര്‍ക്കാര്‍ സമീപനം ശരിയല്ലെന്നും എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി.എസ് പറഞ്ഞിരുന്നു. വി.എസിന്റെ വാക്കുകള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ വിവാദവും തലപൊക്കി. മന്ത്രി ഇ.പി ജയരാജനും എം.ബി രാജേഷ് എംപിയും അടക്കമുളള സിപിഎം നേതാക്കള്‍ വി.എസിനെതിരേ രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നാണ് വി.എസ് വിശദീകരണം നല്‍കിയത്.
സര്‍ക്കാരും താനും രണ്ട് തട്ടിലാണെന്ന ധാരണയുണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും തന്നെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും വി.എസ് വിശദീകരിച്ചു. തന്നെ വിമര്‍ശിച്ച ഇ.പി. ജയരാജനും എം.ബി രാജേഷിനും മറുപടി നല്‍കാനും വി.എസ് മറന്നില്ല. ചിലര്‍ കാളപെറ്റെന്ന് കേട്ടപ്പോള്‍ തന്നെ കയറെടുത്തുവെന്നും വി.എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അതേസമയം പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വി.എസ് തിരുത്ത് നല്‍കുകയായിരുന്നുവെന്നാണ് സൂചന.