പാലക്കാട്: ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിലെ എട്ട് കോടി രൂപ പാലക്കാട് ചേരാമംഗലം സ്വദേശി ഗണേശന്. തൃശൂരിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ഗണേശന് ജോലിസ്ഥലത്തായിരുന്നതിനാല്‍ ഇതുവരെ ടിക്കറ്റ് ഒത്തുനോക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ഭാഗ്യവാനെ തിരിച്ചറിയാന്‍ വൈകിയത്.
ചേരാമംഗലം പഴന്തറയില്‍ ഗോപാലന്റെ മകനാണ് ഇരുപത്തിയൊന്‍പത് കാരനായ ഗണേശന്. തൃശൂരിലെ ജോലിസ്ഥലത്ത് നിന്ന് നാട്ടിലേക്ക് പോകും വഴി കുതിരാന്‍ അമ്പലത്തിന് സമീപത്ത് നിന്നാണ് ഗണേശന് ടിക്കറ്റ് എടുത്തത്. തിരികെ തൃശൂരിലെ ജോലിസ്ഥലത്തേക്ക് പോയപ്പോള്‍ ടിക്കറ്റ് വീട്ടില്‍ മറന്നു. അതുകൊണ്ടു തന്നെ നറുക്കെടുപ്പിന് ശേഷം ഫലം ഒത്തുനോക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ വീട്ടിലെത്തിയ ശേഷം ടിക്കറ്റ് നോക്കിയപ്പോഴാണ് സമ്മാനാര്ഹന് താനാണെന്ന് മനസിലായത്.
ടിസി 788368 എന്ന നമ്പരിലുളള ടിക്കറ്റിനാണ് സമ്മാനമടിച്ചത്. രണ്ടാഴ്ചയായിട്ടും സ്മ്മാനാര്ഹന് എത്താഞ്ഞതിനെ തുടര്‍ന്ന് പല കഥകളും പ്രചരിച്ചിരുന്നു. ഇതിനൊടുവിലാണ് യഥാര്‍ഥ ഭാഗ്യശാലിയെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
പഴന്തറയിലെ നാല് സെന്റ് സ്ഥലത്ത് പണി പൂര്‍ത്തിയാകാത്ത വീട്ടിലാണ് ഗണേശന് താമസിക്കുന്നത്. സഹോദരന് ഗിരീഷ് തൃശൂരില്‍ സ്വര്‍ണപ്പണിക്കാരനാണ്.