തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിരാഹാരസമരം നടത്തുന്ന യുഡിഎഫ് എംഎല്‍എമാരുടെ ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍. സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കണമെന്ന ആവശ്യവും ശക്തമായി. വിഷയം ഉന്നയിച്ച് പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്‌കരിച്ചു.
സ്പീക്കറുടെ അദ്ധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.കെ ബാലന്‍, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. സമരം ശക്തമാക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും തീരുമാനിച്ചിരുന്നു.
രാവിലെ നിയമസഭ ആരംഭിച്ചപ്പോള്‍ തന്നെ എംഎല്‍എമാരുടെ നില അതീവ ഗുരുതരമാണെന്നും അവരുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി വിഷയത്തില്‍ സ്പീക്കര്‍ ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേള തുടര്‍ന്നതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ വിഷയം ഉന്നയിച്ച് നടുത്തളത്തില്‍ ഇറങ്ങി ബഹളം തുടങ്ങുകയായിരുന്നു.
സമരം നടത്തുന്ന ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ ആരോഗ്യനില മോശമായതായിട്ടാണ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെങ്കില്‍ വി.ടി ബല്‍റാം, കെ.എസ് ശബരീനാഥന്‍ തുടങ്ങിയവരെ പകരക്കാരാക്കി സമരം തുടരാനുളള തീരുമാനത്തിലാണ് യുഡിഎഫ്. അനൂപ് ജേക്കബും സമരം നടത്തിയിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.