ന്യൂയോര്‍ക്ക്: പാരീസ് ഉടമ്പടി അംഗീകരിച്ച ഇന്ത്യയുടെ നീക്കത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിന വാര്‍ഷികമായ ഇന്നലെയാണ് പാരീസ് ഉടമ്പടി ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചത്. ആഗോള താപനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുളള ഉടമ്പടി അംഗീകരിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രസക്തി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.
പാരീസ് ഉടമ്പടി അംഗീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച 61 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇതോടെ ഉള്‍പ്പെട്ടതായി ബാന്‍ കി മൂണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ആഗോള വാതക ബഹിര്‍ഗമനത്തില്‍ 52 ശതമാനം പങ്ക് വഹിക്കുന്ന രാജ്യങ്ങളാണ് ഇത്. ആഗോള തലത്തിലെ കണക്കനുസരിച്ച് ഇന്ത്യ 4.5 ശതമാനം കാര്‍ബണ്‍ ആണ് പുറന്തളളുന്നത്. 2015 ഡിസംബര്‍ 12ന് 185 രാജ്യങ്ങള്‍ അംഗീകരിച്ച പാരിസ് ഉടമ്പടിയില്‍ ഏപ്രില്‍ 22ന് ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇന്ത്യ ഒപ്പുവച്ചത്.
ഡിസംബറില്‍ പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുളള ഉടമ്പടിക്ക് രൂപമായത്. ആഗോള വാതക ബഹിര്‍ഗമനത്തിന്റെ 55 ശതമാനം പങ്ക് വഹിക്കുന്ന 55 രാജ്യങ്ങള്‍ അംഗീകരിച്ചാല്‍ ഉടമ്പടി പ്രാബല്യത്തിലാകും.
2020നു ശേഷമാണ് പാരിസ് ഉടമ്പടി നിര്‍ണായകമാകുന്നത്. അതിന് മുന്‍പ് വികസിത രാഷ്ട്രങ്ങള്‍ ക്യോട്ടോ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചില വികസ്വര രാഷ്ട്രങ്ങള്‍ നിര്‍ബന്ധിത പ്രതിജ്ഞ എടുക്കുകയുമാണു ചെയ്യുന്നത്.