ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ബാരാമുളളയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷസ്ഥിതിക്ക് അയവ് വരുത്താന്‍ പാക് സുരക്ഷാ ഉപദേഷ്ടാവുമായി അജിത് ഡോവല്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ക്കിടയിലായിരുന്നു കൂടിക്കാഴ്ച.
ബാരാമുളളയില്‍ സൈനിക ക്യാമ്പിലേക്ക് നുഴഞ്ഞുകയറാനുളള തീവ്രവാദികളുടെ നീക്കം സൈന്യം പരാജയപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെടുകയും ചെയ്തു. ഉറി ആക്രമണത്തിന് ശേഷം ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടും ബാരാമുളളയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായത് ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അജിത് ഡോവല്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
രാജ്യത്തെ സുരക്ഷ വിലയിരുത്താന്‍ നേരത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മൂന്ന് സേനാ മേധാവികളും യോഗത്തില്‍ പങ്കെടുത്തു. അതിര്‍ത്തിയില്‍ കശ്മീര്‍ കൂടാതെ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലും വെടിവെയ്പ് ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയായി.