പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിൽ ഇടതുപക്ഷ അദ്ധ്യാപകസംഘടനയിൽ പെട്ട അദ്ധ്യാപകരുടെ സമ്മർദ്ദത്തേത്തുടർന്ന് നിർത്തലാക്കിയ വന്ദേമാതരവും, ദേശീയഗാനവും പുനഃസ്ഥാപിക്കുമെന്ന് പ്രിൻസിപ്പാൾ ഉറപ്പു നൽകി.
ദേശഭക്തിഗാനങ്ങൾ നിർത്തലാക്കാനുള്ള കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരേ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും ശക്തമായ എതിർപ്പുയർന്നിരുന്നു. എ.ബി.വി.പി ഇതിനെതിരേ ശക്തമായ പ്രതിഷേധസമരം ആരംഭിച്ച പശ്ചാത്തലത്തിലാണ് ദേശഭക്തിഗാനങ്ങൾ പുനഃസ്ഥാപിക്കാൻ കോളേജധികൃതർ തയ്യാറായത്.
ദേശഭക്തിഗാനവും, ദേശീയഗാനവും ആലപിയ്‌ക്കുമ്പോൾ, എഴുന്നേറ്റു നിൽക്കുകയോ ആദരവു പ്രകടിപ്പിക്കുകയോ ചെയ്യാൻ പോലും പല അദ്ധ്യാപകരും തയ്യാറല്ലായിരുന്നുവെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥികളടക്കമുള്ളവരുടെയിടയിൽ നിന്നും ഉയർന്നു വന്നത്. കഴിഞ്ഞ ദിവസം ജനം ടി.വിയാണ് ഈ വാർത്ത പുറത്തു വിടുന്നത്.
അതേസമയം, ക്ലാസ് റൂമുകളിലെ സൗണ്ട് ബോക്സുകൾ പ്രവർത്തിക്കാതായതുകൊണ്ടാണ് ദേശഭക്തിഗാനങ്ങൾ നിർത്തലാക്കിയതെന്നായിരുന്നു കേളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം. സൗണ്ട് ബോക്സുകൾ റിപ്പയർ ചെയ്തിട്ടുണ്ടെന്നും, തിങ്കളാഴ്‌ച്ച മുതൽ ദേശഭക്തിഗീതങ്ങൾ പുനരാരംഭിയ്‌ക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.