പയ്യന്നൂർ: പയ്യന്നൂരില്‍ സ്ത്രീകളുൾപ്പെടെയുള്ള സേവാഭാരതി പ്രവർത്തകരെയും ദളിത് യുവതിയെയും ആക്രമിച്ച സംഭവത്തിൽ ആറ് സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഇരുപത്തിയെട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് പയ്യന്നൂര്‍ കോറോത്ത് അക്ഷയശ്രീ കൂട്ടായ്മയുടെ യോഗത്തിനെത്തിയ സേവാഭാരതി പ്രവർത്തകരെയാണ് മാരകായുധങ്ങളുമായെത്തിയ സി.പി.എം സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
നിരാലംബയായ ദളിത് യുവതിക്ക് വീട് വച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് കോറോം നെല്ലിയാട്ട് ഒരു വീട്ടില്‍ യോഗം ചേർന്ന സേവാഭാരതിയുടെയും അക്ഷയശ്രീയുടെയും പ്രവർത്തകരെയാണ് ഇരുനൂറോളം സി.പി.എമ്മുകാർ ആക്രമിച്ചത്. ആക്രമണത്തില്‍ ദളിത് സ്ത്രീ ഉൾപ്പെടെ മൂന്നു സ്ത്രീകൾക്കും മൂന്നു പുരുഷന്മാർക്കും പരിക്കേറ്റിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം തങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സി.പി.എമ്മുകാർ ആക്രമിച്ചതെന്ന് സ്ത്രീകള്‍ പറയുന്നു.
ആക്രമണത്തിനിടയില്‍ അക്ഷയശ്രീ സെക്രട്ടറി ധനലക്ഷ്മിയുടെ രണ്ടര വയസ്സുകാരനായ മകനും മർദ്ദനമേറ്റു. ധനലക്ഷ്മിയെ കൂടാതെ മായാ മധു, ദളിത് യുവതി ലീഷ്മ, കുഞ്ഞികൃഷ്ണൻ, ദാമോദരൻ എന്നിവരും ആശുപത്രിയില്‍ ചികിത്സയിലാണ്.