കണ്ണൂർ: സി.പി.എം ഭീകരതയിൽ നിന്ന് കണ്ണൂരിലെ ജനങ്ങളെ രക്ഷിക്കാന്‍ സൈനിക സഹായം ലഭിക്കുമോയെന്ന് കേന്ദ്രത്തോട് ആരായുമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളെ വകവരുത്താനുള്ള ഗുഢാലോചന സി.പി.എം നടത്തിയെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഈ അരുംകൊലകൾ ആസൂത്രണം ചെയ്യുന്നത്. പിണറായി വിജയൻ ആഭ്യന്തരമന്ത്രിയുടെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തു തന്നെ ഈ നികൃഷ്ടമായ നടപടികൾ നടപ്പാക്കണമെന്ന നിർബന്ധമാണ് മാർക്സിസ്റ്റു പാർട്ടിയുടെ കണ്ണൂർ ജില്ലാ നേതൃത്വത്തിനുള്ളത്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഉന്നത നേതാക്കളെ അപായപ്പെടുത്താൻ സി.പി.എം അണിയറയിൽ നീക്കം തുടങ്ങിയിരിക്കുകയാണ്. ഇതിനായി കണ്ണൂർ ജില്ലയുടെ വിവിധഭാഗങ്ങളിൽ വിദഗ്ദ്ധരായ ക്രിമിനലുകളെ നിയോഗിച്ചിരിക്കുകയാണ്. ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്ക് നിരന്തരമായി ഭീഷണിക്കത്തുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ സി.പി.എം ഭീകരത കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. സി.പി.എം ഭീകരരുടെ അക്രമത്തിൽ നിന്നും കണ്ണൂർ ജില്ലയിലെ മുഴുവൻ ജനങ്ങളേയും സംരക്ഷിയ്ക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുമെന്നു പറഞ്ഞ അദ്ദേഹം, സി.പി.എം സംഘപരിവാർ പ്രവർത്തകർക്കെതിരേ നടത്തി വരുന്ന ആക്രമണങ്ങൾക്ക് ഭീകരവാദികളുടെ സഹായമുണ്ടോ എന്നു സംശയിക്കുന്നതായും കൂട്ടിച്ചേർത്തു.