തൃശ്ശൂർ: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മദ്യക്കമ്പനികള്‍ കണ്‍സ്യൂമര്‍ഫെഡിന് നല്‍കിയ ഇന്‍സെന്റീവ് തുകയില്‍ ക്രമക്കേട് കാണിച്ചു എന്ന ആരോപണത്തിന്മേലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
കഴിഞ്ഞകാലങ്ങളില്‍ നല്‍കിയ ഇന്‍സന്റീവ് തുകയില്‍ വളരെ കുറഞ്ഞ തുക മാത്രമാണ് കണ്‍സ്യൂമര്‍ഫെഡ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഈ വ്യത്യാസമാണ് അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ കാരണമായത്. ഇന്‍സന്റീവ് വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെങ്കില്‍ മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണനുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ എഫ്.ഐ.ആറില്‍ ചേര്‍ക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അതേസമയം സപ്ലൈകോയ്‌ക്ക് വേണ്ടി അഞ്ച് കോടി രൂപ മുടക്കി നിര്‍മ്മിച്ച നൂറ്റിനാല്‍പ്പത്തിയൊന്ന് മൊബൈല്‍ ത്രിവേണി വാഹനങ്ങളുടെ കാര്യത്തിലും അഴിമതി നടന്നുവെന്ന ആരോപണം വിജിലന്‍സ് കോടതി ജഡ്ജി സി.ജയചന്ദ്രന്‍ തള്ളി. കൂടാതെ പടിഞ്ഞാറെക്കോട്ടയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും ഒരു ലക്ഷം രൂപ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ ഓഫീസിലേക്ക് കൊണ്ടുപോയി എന്ന പരാതിയും കോടതി തള്ളുകയായിരുന്നു. കാരണം കൊണ്ടുപോയ പണം അടുത്ത ദിവസം തിരിച്ചേല്‍പ്പിച്ചു എന്ന് കണ്ടെത്തിയിരുന്നു.