കൊച്ചി: ഐ.എസ് ബന്ധത്തെ തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പിടികൂടിയ പ്രതികളെ 12 ദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി. എറണാകുളം എന്‍.ഐ.എ കോടതിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിടാന്‍ നിര്‍ദ്ദേശിച്ചത്.
ഐ.എസ് ബന്ധമുണ്ടന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് എന്‍.ഐ.എ പിടികൂടിയ 6 പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്. 5 പേരെ കണ്ണൂര്‍ കനകമലയില്‍ നിന്നും, ഒരാളെ കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേരളത്തിലെ പ്രധാന വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യം വച്ച് ഭീകരാക്രമണം നടത്താന്‍ യുവാക്കള്‍ പദ്ധതിയിട്ടിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയായിരുന്നു യുവാക്കള്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തിയത്.
പ്രധാനമായും ടെലിഗ്രാം മെസഞ്ചറായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. അന്‍സാര്‍ ഉള്‍ ഖലീഫ എന്ന ഗ്രൂപ്പടക്കം നിരവധി പേരുകളില്‍ സാമൂഹിക മാദ്ധ്യമങ്ങളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. കണ്ണൂര്‍ കനകമലയില്‍ വച്ച് യുവാക്കള്‍ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. കേസില്‍ ഒന്നാം പ്രതിയായ മന്‍സീദ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. മറ്റൊരു പ്രതി സഫാന്‍ തേജസ് പത്രത്തിലെ ജീവനക്കാരനാണ്. പ്രതികളില്‍ നിന്ന് കണ്ടെത്തിയ മോബൈല്‍ ഫോണ്‍, പെൻ ഡ്രൈവ്, സിം കാര്‍ഡ് തുടങ്ങിയവ ഫോറന്‍സിക് പരിശോധനയ്‌ക്കയക്കും.
ഐ.എസ് ബന്ധമുണ്ടന്ന് എന്‍.ഐ.എ കണ്ടെത്തിയ 10 പേരില്‍ 6 പേരയൊണ് പിടികൂടിയത്. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് എന്‍.ഐ.എ അറിയിച്ചു. നേരത്തെ കേരളത്തില്‍ നിന്നും ഐ.എസിൽ ചേക്കേറിയ 21 പേരുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നാണ് എന്‍.ഐ.എ പ്രധാനമായും പരിശോധിക്കുന്നത്.