ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് നിലനില്‍ക്കുന്ന ആശയക്കുഴപ്പം നീക്കണമെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നാളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സാമൂഹ്യപ്രവര്‍ത്തകനായ കെ.ആര് രാമസ്വാമി നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി.
മുഖ്യമന്ത്രിയുടെ ആരോഗ്യനില അപകടകരമായിട്ടുപോലും അത് രഹസ്യമാക്കി വെയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അസുഖം ഭേദമായി ജയലളിത മടങ്ങിയെത്തുന്നത് വരെ താല്‍ക്കാലികമായി മറ്റൊരാളെ മുഖ്യമന്ത്രിയായി നിയോഗിക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ജസ്റ്റീസുമാരായ എം.എം സുന്ദരേശ്, ആര്. മഹാദേവന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വ്യാഴാഴ്ച വീണ്ടും ഹര്‍ജി കോടതി പരിഗണിക്കും.