ന്യൂഡൽഹി : തീവ്രവാദത്താൽ പൊറുതിമുട്ടുന്ന പാകിസ്ഥാനെ ഭാരതം സഹായിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തതെന്ന് പ്രശസ്ത സംഗീതജ്ഞൻ അദ്നാൻ സമി. തീവ്രവാദികളെ വധിച്ചതിന് പാകിസ്ഥാൻ ഇന്ത്യൻ സൈന്യത്തിന് നന്ദി പറയുകയാണ് വേണ്ടതെന്നും സമി പറഞ്ഞു .
ഉറി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച അദ്നാൻ സമി ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്കിനു പിന്തുണ അറിയിച്ചിരുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹം അഭിനന്ദനങ്ങൾ ചൊരിഞ്ഞു.
സമിയുടെ നിലപാടിനെതിരെ പാകിസ്ഥാനിൽ നിന്ന് വൻ പ്രതിഷേധമാണുയർന്നത് . പാക് വംശജനായിരുന്ന സമിക്ക് ഈയടുത്താണ് ഭാരതം പൗരത്വം നൽകിയത് . ഇത് ചൂണ്ടിക്കാട്ടി രാജ്യദ്രോഹി വിളികളുമായാണ് പാക് പൗരന്മാർ സമിയെ നേരിട്ടത്.
എന്നാൽ താൻ പാകിസ്ഥാൻ എന്ന രാജ്യത്തിനെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് സമിയുടെ നിലപാട് . തീവ്രവാദികളെ വധിച്ചതിനെതിരെ സംസാരിക്കുന്നവർ പാകിസ്ഥാൻ സമം തീവ്രവാദികൾ എന്ന് ഉറപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങൾക്കും ഭീഷണിയായ തീവ്രവാദികളെയാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങൾ തീവ്രവാദത്താൽ പൊറുതി മുട്ടുകയാണെന്നാണ് പാകിസ്ഥാൻ പറയുന്നത് . അങ്ങനെയെങ്കിൽ തീവ്രവാദികളെ വധിച്ച ഇന്ത്യൻ സൈന്യത്തിന് പാകിസ്ഥാൻ യഥാർത്ഥത്തിൽ നന്ദിയാണ് പറയേണ്ടത് . അയൽക്കാരൻ നിങ്ങളെ സഹായിക്കുമ്പോൾ അത് തിരിച്ചറിയണമെന്നും സമി പറഞ്ഞു.