തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായി മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പാളി. ഫീസിളവും സ്കോളര്‍ഷിപ്പും അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നില്ലെന്നും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ചും വരുംവര്‍ഷത്തെ അഡ്മിഷനും മാത്രമായിരുന്നു ചര്‍ച്ചയെന്നുമായിരുന്നു മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധികളുടെ പ്രതികരണം. പ്രശ്ന പരിഹാരം ഇല്ലെന്ന് വ്യക്തമായതോടെ സമരം തുടരാന്‍ യുഡിഎഫ് തീരുമാനിച്ചു.
ഫീസിളവിനെക്കുറിച്ചോ സ്കോളര്ഷിപ്പിനെക്കുറിച്ചോ സര്‍ക്കാരോ മാനേജ്മെന്റോ ചര്‍ച്ച ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും മാനേജ്മെന്റ് പ്രതിനിധി പറഞ്ഞു. നിലവില്‍ എല്ലാ കോളജുകളും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. അതിന് പുറമേ ഒരു പുതിയ സ്കോളര്‍ഷിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഫസല്‍ ഗഫൂര്‍ പറഞ്ഞത് അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും എംഇഎസ് കോളജുമായി ബന്ധപ്പെട്ട കാര്യം മാത്രമാണെന്നും അസോസിയേഷന് പ്രതിനിധി ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരേ യുഡിഎഫ് സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായും കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ അനുകൂല തീരുമാനമില്ലെന്ന് വ്യക്തമായതോടെയാണ് സമരം തുടരുമെന്ന് യുഡിഎഫ് അറിയിച്ചത്. ആരോഗ്യനില മോശമായ ഷാഫി പറമ്പിലിനും ഹൈബി ഈഡനും പകരം വി.ടി ബല്‍റാമും റോജി ജോണും നിരാഹാരം ഇരിക്കും.
മെറിറ്റ് സീറ്റുകളിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കി പ്രശ്നം പരിഹരിക്കാനുളള ഫോര്‍മുല മാനേജ്മെന്റ് മുന്നോട്ടുവെയ്ക്കുമെന്നും ഇതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനമാകാതെ പോയതോടെ ഈ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.