കണ്ണൂര്‍: ഐഎസ് ബന്ധമുളള അഞ്ച് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്ത കനകമലയില്‍ ഇതിന് മുന്‍പും രഹസ്യയോഗങ്ങള് നടന്നതായി നാട്ടുകാര്‍. ഒന്നര വര്‍ഷം മുമ്പ് ഹിന്ദു ഐക്യവേദിയുടെ ജില്ലാ നേതാക്കള്‍ ചൊക്ലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇത് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല.
രണ്ട് വര്‍ഷം മുന്‍പ് തന്നെ കനകമലയില്‍ ചിലര്‍ രഹസ്യസ്വഭാവമുളള യോഗങ്ങള്‍ നടത്തുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നതായി ഹിന്ദു ഐക്യവേദി നേതാക്കള്‍ പറയുന്നു. ഹിന്ദു ഐക്യ വേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് ശ്രീലകം അടക്കമുളളവരായിരുന്നു പരാതി നല്‍കിയത്. ഇതോടൊപ്പം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ സ്പെഷല്‍ സെല്ലിലെ ഉദ്യോഗസ്ഥരെയും നേതാക്കളും നാട്ടുകാരും വിവരം ധരിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെയും ഇടപെടല്‍ ഉണ്ടായില്ല.
സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരത്തോളം അടി ഉയരത്തിലുള്ള കനകമലയിലെ കുറ്റിക്കാട്ടിലാണ് ചില ആളുകളെ പലവട്ടം കണ്ടത്. ഐഎസ് റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ നടന്നതായി തെളിഞ്ഞിട്ടും ഇത്തരം സ്ഥലങ്ങളില്‍ പരിശോധന നടത്താനോ ഊര്‍ജിതമായ അന്വേഷണത്തിനോ ലോക്കല്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇതിന് പിന്നില്‍ തീവ്രവാദികളെ പിന്തുണക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെയും മതസംഘടനകളുടെയും ഇടപെടലാണെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം കനകമലയില്‍ നിന്ന് അഞ്ച് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതോടെയാണ് ഈ സ്ഥലത്ത് നടക്കുന്ന ഇത്തരം നിയമവിരുദ്ധപ്രവര്ത്തനങ്ങളെക്കുറിച്ച് പുറംലോകം അറിയുന്നത്. ആദ്യം പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഒരു പരിധി വരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയുമായിരുന്നുവെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.