തിരുവനന്തപുരം: കേരളത്തിൽ തങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികളെ മലയാളവും ഹിന്ദിയും എഴുതാനും വായിക്കാനും പഠിപ്പിക്കാൻ സംസ്ഥാനസാക്ഷരതാമിഷൻ പദ്ധതി ആവിഷ്കരിക്കുന്നു. ഹിന്ദി സംസാരിക്കുമെങ്കിലും ഇവരിൽ പലർക്കും എഴുത്തോ വായനയോ അറിയില്ല. മലയാളവും അത്യാവശ്യം മനസ്സിലാക്കാനോ, പറയാനോ കഴിയുന്നവർക്കും എഴുത്തും വായനയും അറിയില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനസർക്കാർ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നവംബർ മുതൽ ഏപ്രിൽ വരെയുള്ള ആറുമാസക്കാലയളവിൽ ഇവരെ ഭാഷകൾ പഠിപ്പിക്കുകയാണ് ലക്ഷ്യം. പതിനഞ്ചു മുതൽ നാൽപ്പതു വയസ്സു വരെയുള്ള ഇതരസംസ്ഥാനതൊഴിലാളികൾക്ക് പഠിക്കാനുള്ള അവസരമുണ്ട്.
കേരളത്തിൽ 25 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികളുള്ളതിൽ 75 ശതമാനത്തിലധികവും പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണ്. നാൽപ്പതു വയസ്സു കഴിഞ്ഞവർക്കും പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പഠിക്കാം. ഇതിനായി പ്രത്യേക പാഠപുസ്തകം തയ്യാറാക്കും. പഠനം കഴിഞ്ഞവർക്ക് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകാനും പദ്ധതിയുണ്ട്.
ആഴ്ചയിൽ അഞ്ചു മണിക്കൂറാകും ക്ലാസ്സുകൾ നൽകുക. സ്കൂളുകൾ, ലൈബ്രറികൾ, ഇതരസംസ്ഥാനതൊഴിലാളി ക്യാമ്പുകൾ തുടങ്ങിയ ഇടങ്ങൾ ഇതിനായി തിരഞ്ഞെടുക്കും. പതിനഞ്ചു മുതൽ ഇരുപതു വരെ പേരടങ്ങുന്ന വിദ്യാർത്ഥികളാകും ഒരു വിദ്യാകേന്ദ്രത്തിനു കീഴിലുണ്ടാകുക.
മലയാളം, ഹിന്ദി എന്നീ ഭാഷകൾ പഠിപ്പിക്കുക, പരിസ്ഥിതി, കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ജീവിതസാഹചര്യങ്ങൾ, നിയമം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ അവബോധമുണ്ടാക്കും. ആരോഗ്യം, തൊഴിൽ, വനം, പരിസ്ഥിതി, നിയമ വകുപ്പുകളുടെ ബോധവത്കരണ ക്ലാസ്സുകളുമുണ്ടാകും. അന്യസംസ്ഥാന തൊഴിലാളികളെ കേരളീയസംസ്കാരവുമായി അടുപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.