ന്യൂഡൽഹി: ജമ്മുകശ്മീർ വിഷയത്തിൽ രാജ്യത്തിന്‍റെ താൽപ്പര്യം സംരക്ഷിക്കുമെന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. ഇന്ത്യ-പാകിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയിലാണ് അജിത് ഡോവൽ നിലപാട് വ്യക്തമാക്കിയത്. അതേസമയം, പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരേ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിന്‍റെ ദൃശ്യങ്ങൾ കേന്ദ്രസർക്കാർ ഉടൻ പുറത്തുവിട്ടേക്കും.
പഠാൻകോട്ടിന് പിന്നാലെ ഉറിയിലെ സൈനിക ബ്രിഗേഡിന് നേരെ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ കൂടിക്കാഴ്ച നടത്തിയത്. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ ശക്തമായി ചെറുക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഉറി ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിൽ നടത്തിയ മിന്നൽ ആക്രമണത്തിന്‍റെ വിശദാംശങ്ങളും പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസിർ ഖാൻ ജുൻജുവായുമായി നടത്തിയ കൂടിക്കാഴ്ചയിൽ അജിത് ഡോവൽ പങ്കുവച്ചു.
ജമ്മു കശ്മീരിന്‍റെ സംരക്ഷണം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയുടെ താൽപ്പര്യം സംരക്ഷിയ്‌ക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അജിത് ഡോവൽ വ്യക്തമാക്കി. ഉറി ഭീകരാക്രമണത്തിൽ സംയുക്ത അന്വേഷണം നടത്താനുള്ള സന്നദ്ധത കൂടിക്കാഴ്ചയിൽ നാസിർ ഖാൻ അറിയിച്ചെങ്കിലും പാഠാൻകോട്ട് ഭീകരാക്രമണത്തിന്‍റെ തുടരന്വേഷണത്തിൽ പാകിസ്ഥാൻ സർക്കാർ കാണിച്ച അലംഭാവം ഇന്ത്യ ചൂണ്ടിക്കാട്ടി.
തുടരന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസിയ്‌ക്ക് പാകിസ്ഥാൻ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചതും അജിത് ഡോവൽ പരാമർശിച്ചു. അതേസമയം പാക് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിന്‍റെ വീഡിയോ ദൃശ്യം പുറത്തുവിടുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് കൈക്കൊള്ളും. വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ ഇന്ത്യൻ സൈന്യം കേന്ദ്രസർക്കാറിനോട് നിർദ്ദേശിച്ചു.