തിരുവനന്തപുരം: സ്വാശ്രയവിഷയത്തിൽ പ്രതിപക്ഷബഹളത്തേത്തുടർന്ന് സഭ ഇന്നും സ്തംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുംപിടുത്തമാണ് പ്രശ്നങ്ങൾ അവസാനിക്കാത്തതിനു കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, തന്റെ പിടിവാശി കാരണമല്ല പ്രശ്നപരിഹാരമുണ്ടാവാത്തതെന്നും, വാശി പ്രതിപക്ഷത്തിനാണെന്നുമുള്ള നിലപാടിലായിരുന്നു മുഖ്യമന്ത്രി.
നട്ടാൽ മുളയ്‌ക്കാത്ത നുണയാണ് വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മാനേജ്‌മെന്റ് ഫീസ് കുറച്ചാൽ സർക്കാരിന് പ്രശ്നമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നതെന്നും, ഫീസിളവ് നൽകാമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളിൽ ചിലർ സമ്മതിച്ചിരുന്നതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. രണ്ടര ലക്ഷം രൂപയിൽ നിന്നും നാൽപ്പതിനായിരം രൂപ കുറവു ചെയ്യാമെന്നും ഫീസിളവ് സബ്‌സീഡിയായോ, സ്കോളർഷിപ്പായോ നൽകാമെന്നും സമ്മതിച്ചിരുന്നതായും പ്രതിപക്ഷനേതാവ് പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയെ മാനേജ്‌മെന്റ് പ്രതിനിധികൾ സമീപിച്ചപ്പോൾ അവരോട് മോശമായി പെരുമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്.
ആരോഗ്യമന്ത്രിയോടും, ആരോഗ്യ സെക്രട്ടറിയോടും മുഖ്യമന്ത്രി ധിക്കാരപൂർവ്വം പെരുമാറിയതിന് മുപ്പതു പേരെങ്കിലും സാക്ഷികളാണ്. ഈ വസ്തുതകളെല്ലാം മറച്ചു വച്ചു കൊണ്ടാണ് മുഖ്യമന്ത്രി സഭയിൽ സംസാരിച്ചത്. പിണറായിവിജയൻ സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. മകൻ ചത്താലും മരുമകളുടെ കണ്ണീർ കണ്ടാൽ മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രിയോടും, ആരോഗ്യസെക്രട്ടറിയോടും താൻ മോശമായി പെരുമാറിയെന്നത് വെറും കെട്ടുകഥയാണെന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. സ്വാശ്രയപ്രശ്നത്തിൽ സർക്കാരിന് പരിമിതികളുണ്ട്. ആരോഗ്യമന്ത്രിയുമായി സംസാരിച്ചപ്പോൾ തന്നെ പ്രതിപക്ഷം സമരമവസാനിപ്പിക്കേണ്ടതായിരുന്നു. മാനേജ്‌മെന്റുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. സർക്കാർ, നിർദ്ദേശങ്ങളൊന്നും മുന്നോട്ടു വയ്‌ക്കില്ലെന്നത് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം ഇന്നലെ നടന്ന ചർച്ചയിൽ കരാറിൽ നിന്നു പിന്മാറില്ലെന്ന നിലപാടാണ് മാനേജ്‌മെന്റുകൾ സ്വീകരിച്ചത്. പുതിയ നിർദ്ദേശങ്ങളില്ലാതിരുന്നതു കൊണ്ടാണ് യോഗം പിരിഞ്ഞത്. ചർച്ച ഫലം കാണാതെ പോയതിനു കാരണം മാനേജ്‌മെന്റുകളാണെന്നായിരുന്നു പിണറായിയുടെ വാദം.
മുപ്പത് കുട്ടികൾക്കു വേണ്ടിയാണോ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ ബാനറുകളും, പ്ലക്കാർഡുകളുമായി പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനടുത്തെത്തി ബഹളമാരംഭിയ്‌ക്കുകയായിരുന്നു.
ബഹളത്തേത്തുടർന്ന് സ്പീക്കർ ചോദ്യോത്തരവേള നിർത്തി വച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബഹളത്തേത്തുടർന്ന് നിർത്തി വച്ച സഭ പൂജ അവധിയും കഴിഞ്ഞ് ഇനി പതിനേഴിനായിരിക്കും വീണ്ടും കൂടുക.
അതേസമയം നിരാഹാരമനുഷ്ഠിച്ചിരുന്ന പ്രതിപക്ഷ എം.എൽ.എമാരായ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരെ ആരോഗ്യസ്ഥിതി മോശമായതിനേത്തുടർന്ന് ആശുപത്രിയിലേയ്‌ക്കു മാറ്റുകയും, വി.ടി.ബൽറാമും, റോജി എം.ജോണും തൽസ്ഥാനത്ത് നിരാഹാരം ഏറ്റെടുക്കുകയും ചെയ്തു.