മുംബൈ: ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ബോംബെ ഹൈക്കോടതി. സിബിഐയുടെ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇക്കാര്യത്തില്‍ തുടര്‍ന്നും അന്വേഷണം നടത്താനും നിര്‍ദ്ദേശിച്ചു.
ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി രേഖകള്‍ ശരിയാക്കി നല്‍കിയതിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബിനാമി ഫ്ലാറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് സിബിഐ വേണ്ട വിധത്തില്‍ അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പ്രവീണ്‍ വഡെഗാക്കര് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
2011 ല്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നാല് ബിനാമി ഫ്ലാറ്റുകള്‍ സ്വന്തമാക്കിയ രണ്ട് പേരുകള്‍ സിബിഐ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് പിന്നീട് അന്വേഷണസംഘം മൗനം പാലിച്ചതായി പ്രവീണ്‍ ചൂണ്ടിക്കാട്ടി. കുറ്റപത്രത്തിലോ അന്വേഷണവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഘട്ടത്തിലോ സിബിഐ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു ഹര്‍ജിയുമായി പ്രവീണ്‍ കോടതിയെ സമീപിച്ചത്.
ആദര്‍ശ് അഴിമതിയില്‍ ഇവരുടെ പങ്കിനെക്കുറിച്ച് ഏതെങ്കിലും പൊലീസ് റിപ്പോര്‍ട്ടോ മറ്റ് രേഖകളോ ഉണ്ടെങ്കില്‍ പുറത്തുവിടാന്‍ സിബിഐയോട് നിര്‍ദ്ദേശിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഡിസംബര്‍ പതിനാറിനകം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്കി.
കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ ആശ്രിതര്‍ക്ക് വേണ്ടിയായിരുന്നു ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഫ്ലാറ്റ് നിര്‍മിച്ചത്. എന്നാല്‍ വഴിവിട്ട നീക്കത്തിലൂടെ രാഷ്്ട്രീയ നേതാക്കളും ബിനാമികളും ഫ്ലാറ്റ് സ്വന്തമാക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന് രാജിവെയ്ക്കേണ്ടി വന്നിരുന്നു.