കോഴിക്കോട്: സംസ്ഥാനത്ത് വ്യാപിക്കുന്ന ഭീകരവാദത്തിനെതിരേ സ്വീകരിക്കുന്ന നിലപാടുകള്‍ ന്യൂനപക്ഷ വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നുവെന്ന് ബിജെപി. സംസ്ഥാനത്ത് ശക്തമാകുന്ന ഭീകരതയ്‌ക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍.
ഭീകരവാദത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഭയമാണെന്നും എന്‍ഐഎ നല്‍കിയ മുന്നറിയിപ്പുപോലും അവഗണിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മതമൗലികവാദികള്‍ക്കൊപ്പം ചേര്‍ന്ന് ഇടത് സര്‍ക്കാര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഭീകരതയ്‌ക്കെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്താനും സംസ്ഥാനസമിതി തീരുമാനിച്ചു.
സ്വാശ്രയ മാനേജ്‌മെന്റിന് സംസ്ഥാനസര്‍ക്കാര്‍ കീഴടങ്ങിയതായും സംസ്ഥാനസമിതി കുറ്റപ്പെടുത്തി. ഈ വിഷയത്തിലും സമരം ശക്തിപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം.സ്വാശ്രയ മാനേജ്‌മെന്റിന്റെ കൊളളയ്‌ക്കെതിരേ വലിയ പ്രസംഗം നടത്തിയവരാണ് എല്‍ഡിഎഫുകാര്‍. എന്നാല്‍ വിദ്യാഭ്യാസ കച്ചവടക്കാരെ പച്ചയായി സഹായിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഇടത് ഭരണത്തില്‍ സംസ്ഥാനത്ത് ദളിത് വിഭാഗങ്ങള്‍ നേരിടുന്ന ക്രൂരപീഡനത്തിലും സംസ്ഥാന സമിതി ആശങ്ക രേഖപ്പെടുത്തി.