തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ തിരുകി കയറ്റി ഇടത് സർക്കാർ. വ്യവസായ മന്ത്രിയുടെയും സിപിഎം ഉന്നതരുടേയും ബന്ധുക്കളെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിമാരായി നിയമിച്ചിരിക്കുകയാണ്. ഇവരിൽ പലർക്കും നിയമനത്തിന് ആവശ്യമായ അടിസ്ഥാന യോഗ്യത പോലുമില്ലെന്നാണ് ആക്ഷേപം.
സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ബന്ധുവിനാണ് നിയമനം നൽകാൻ സർക്കാർ തിരുമാനിച്ചത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായായാണ് സുധീർ നമ്പ്യാരുടെ നിയമനം.
ഇ പിയുടെ ഭാര്യാസഹോദരിയായ കണ്ണൂർ എംപി പി കെ ശ്രീമതിയുടെ മകനാണ് സുധീർ നമ്പ്യാർ. നേരത്തെ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന ആരോപണം സുധീറിനെതിരായി ഉയർന്നിട്ടുണ്ട്. സംവിധായകൻ മേജർ രവിയുടെ പേരുപയോഗിച്ചാണു സുധീർ തട്ടിപ്പു നടത്തിയത് എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസി എടുത്ത പത്തനംതിട്ട വലഞ്ചുഴിയിൽ കെ എം റിയാദും പണം നഷ്ടപ്പെട്ടെന്നു കാട്ടി പരാതി നൽകിയിരുന്നു.
തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലെ എയർ കാർഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നതും കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിനാണ്.
കൊലിയക്കോട് കൃഷ്ണൻ നായരുടെ പുത്രൻ കിൻഫ്രാ എംഡി യായും സർക്കാർ നിയമനം നൽകി. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവാനന്ദനാണ് കിൻഫ്ര അപ്പാരൽ പാർക്കിന്റെ പുതിയ ജനറൽ മാനേജർ. അന്തരിച്ച നേതാവ് പി.കെ ചന്ദ്രാനന്ദന്റെ മകൾ ബിന്ദുവിനെ വനിത വികസന കോർപ്പറേഷൻ എം.ഡിയായും നിയമിച്ചു.
23 പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് സുതാര്യമായ നിയമനം നേരത്തെ നടത്തുമെന്നുള്ള സർക്കാർ പ്രഖ്യാപനം കൂടി ഇതോടെ അട്ടിമറിയ്‌ക്കപ്പെടുകയാണ്. നിയമിതരായ സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് വ്യവസ്ഥകൾ പ്രകാരമുള്ള യോഗ്യതകളും പരിചയവും ഇല്ല എന്നതും നിയമന നടപടികളിലെ നേതൃത്വത്തിന്റെ സ്വജന പക്ഷപാതം വ്യക്തമാക്കുന്നു.