ആഗ്ര: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് നല്‍കേണ്ട ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഉറിയിലെ ഭീകരാക്രമണത്തിന് മറുപടി നല്‍കിയതില്‍ സൈന്യത്തോടൊപ്പം അഭിമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആഗ്രയില്‍ ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
100 ശതമാനവും കൃത്യമായ സര്‍ജിക്കല്‍ സ്ട്രൈക്ക് ആണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. അത്തരം ഒരു നടപടിയെടുക്കുവാനുളള ധൈര്യമാണ് രാജ്യം കാട്ടിയത്. ഇവിടെ ജീവിക്കുകയും രാജ്യത്തോട് യാതൊരു ധാര്‍മികതയും പുലര്‍ത്താത്തതുമായ നിരവധി പേര് ഉണ്ട്. അവരാണ് നമ്മുടെ സൈനികരെ വിമര്‍ശിക്കുന്നതെന്നും അവര്‍ക്ക് തെളിവ് നല്‍കേണ്ട ആവശ്യമില്ലെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ച് വിമുക്തഭടന്മാരായ നിരവധി പേരാണ് തനിക്ക് ദിവസവും കത്തെഴുതുന്നത്. അവരെ താന്‍ അഭിവാദ്യം ചെയ്യുന്നു. എന്നാല്‍ അവരെപ്പോലും പരിഹസിക്കുന്ന സമീപനമാണ് സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ചോദിക്കുന്നവര്‍ സ്വീകരിക്കുന്നതെന്ന് മനോഹര്‍ പരീക്കര്‍ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതായി പാകിസ്ഥാനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പോലും സ്ഥിരീകരിച്ചിട്ടുളളതായി ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി മനോഹര്‍ പരീക്കര്‍ പറഞ്ഞു.