തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം കണ്ണൂരില്‍ നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വിളിച്ച അധ്യാപക സംഘടനാ പ്രതിനിധിയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മലപ്പുറത്താണ് സംസ്ഥാന സ്കൂള്‍ കായികമേള നടക്കുക.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെപി മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച 38 അധ്യാപക സംഘടനകള്‍ പങ്കെടുത്തു. സ്പെഷല്‍ സ്കൂള്‍ കലോത്സവം ആലപ്പുഴയിലും സ്കൂള്‍ ശാസ്ത്രമേള പാലക്കാടും നടക്കും.
എന്നാല്‍ വിദ്യാഭ്യാസ മന്ത്രി യോഗം വിളിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അനുകൂല സംഘടനകള്‍ യോഗം ബഹിഷ്കരിച്ചിരുന്നു. എട്ട് സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്ത അദ്ധ്യാപക സമിതിയാണ് യോഗം ബഹിഷ്കരിച്ചത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലകളില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഈ യോഗം വിളിക്കേണ്ടതെന്ന് യുഡിഎഫ് സംഘടനാ നേതാക്കള്‍ പ്രതികരിച്ചു. വിദ്യാഭ്യാസമന്ത്രി യോഗം വിളിക്കുന്നത് വരെ ഉപജില്ലാ തലം മുതലുളള വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ പരിപാടികളും ബഹിഷ്കരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.