ന്യൂഡല്‍ഹി; സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന്‍ വീഴ്ച തുറന്നുകാട്ടി സുപ്രീംകോടതി. കേസിലെ പ്രതി ഗോവിന്ദച്ചാമി എന്ന ചാര്‍ളി തോമസിന് വധശിക്ഷ ഒഴിവാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. പ്രോസിക്യൂഷന്‍ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ ഒഴിവാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വികലാംഗനായ ഗോവിന്ദച്ചാമി സൗമ്യയെ തളളിയിട്ടുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. സൗമ്യ എടുത്തുചാടിയെന്ന് സാക്ഷിമൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റം ചെയ്‌തെന്ന് 101 ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രമേ വധശിക്ഷ നല്‍കാന്‍ കഴിയൂ. സംശയത്തിന്റെ കണിക പോലും ഉണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സൗമ്യയുടെ മരണത്തിന് കാരണം ചാര്‍ളി തോമസ് ആണെന്ന ഡോക്ടറുടെ നിഗമനമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ ഡോക്ടറുടെ റിപ്പോര്‍ട്ടാണോ സാക്ഷിമൊഴിയാണോ വിശ്വസിക്കേണ്ടതെന്ന് കോടതി ചോദിച്ചു.
തലനാരിഴ കീറി പരിശോധിച്ചാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. ജഡ്ജിമാര്‍ക്ക് പിഴവ് പറ്റിയിട്ടില്ല. പക്ഷെ പ്രോസിക്യൂഷന്‍ സെല്‍ഫ് ഗോളടിച്ചാണോ കേസില്‍ തോറ്റതെന്ന് പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. അതിനിടെ കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് വീണ്ടും 17 ലേക്ക് മാറ്റി.
ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പുനപ്പരിശോധനാ ഹര്‍ജി പരിഗണിച്ചത്. ചാര്‍ളി തോമസിന്റെ വധശിക്ഷ ഒഴിവാക്കിയതിനെതിരേ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. കേസ് നടത്തുന്നതില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഈ സ്ഥിതിക്ക് കാരണമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.