തൊടുപുഴ: അഞ്ച് പേരെ മരണം കവര്‍ന്നെടുത്ത വാഹനാപകടത്തിന്റെ നടുക്കുന്ന ഓര്‍മ്മയിലാണ് ഇടുക്കി തങ്കമണിയിലെ പുഷ്പഗിരി പ്രദേശം. സ്വകാര്യ ബസും ടവേരയും കൂട്ടിയിടിച്ചായിരുന്നു അപകടം. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സമയോചിതമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏറെക്കുറെ തകര്‍ന്നിരുന്നു. വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സ്ഥലത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുളളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍
നേതൃത്വം നല്‍കിയത്. ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത അവസ്ഥയിലാണ് ഇപ്പോഴും പ്രദേശവാസികള്‍.
കാഞ്ഞിരപ്പള്ളി കൊച്ചു പറമ്പില്‍ ഷൈജു (45), അച്ചാമ്മ (70), ഷൈജുവിന്റെ മകന്‍ ഇവാന്‍ (ഒന്നര), ജെയ്ന്‍ (34), ഡ്രൈവര്‍ സിജോ (26 എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ ടവേര എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. പതിനൊന്നു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ചികിത്സയിലാണ്.
മൃതദേഹങ്ങള്‍ കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിയിലാണ്.