തൃശൂർ: അറുപതിന്റെ നിറവിലും സ്വന്തമായി കെട്ടിടമില്ലാതെ കേരള സാഹിത്യ അക്കാദമി ആനുകൂല്യങ്ങൾ ലഭിക്കാതെ അക്കാദമി ദുസ്ഥിതിയിലാവാനും കാരണം മറ്റൊന്നുമല്ല. രാജ്യത്തെ ആദ്യ പ്രാദേശിക അക്കാദമി ഇന്നും വാടകക്കെട്ടിടത്തിൽ തുടരുന്നത് സർക്കാരിന്റെ അനാസ്ഥ മൂലമാണെന്നാണ് ആക്ഷേപം.
കേരള പിറവിക്ക് മുന്നേ ജനനം കൊണ്ട അക്കാദമിയുടെ ആസ്ഥാനം തൃശൂരിലേക്കു മാറ്റുന്നത് 1958ലാണ്. മലയാള ഭാഷാസാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിന് നിർണായക പങ്കുവഹിച്ച് വരുന്ന അക്കാദമി ഇന്നും പ്രവർത്തിക്കുന്നത് ഒരു രൂപ വാടക നൽകി പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തിലാണ്.
പ്രാദേശിക അക്കാദമികളുടെ പ്രവർത്തനം വിലയിരുത്താൻ നിയോഗിച്ച ജസ്റ്റിസ് ജി ഡി ഖോസ്ലാ അധ്യക്ഷനായ കമ്മിറ്റി ഏറ്റവും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന പ്രാദേശിക അക്കാദമിയായി കേരള സാഹിത്യ അക്കാദമിയെ കണ്ടെത്തിയിട്ടുണ്ട്. നേട്ടങ്ങൾ അവകാശപ്പെടാൻ ഏറെയുണ്ടെങ്കിലും സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ പല ആനുകൂല്യങ്ങളും അക്കാദമിക്ക് നിഷേധിക്കപ്പെടുന്നു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെട്ടിടം സാംസ്കാരിക വകുപ്പിന് കൈമാറിയാൽ തീരുന്ന പ്രശ്നം മാത്രമാണ് ഇപ്പോഴുള്ളത്. സർക്കാരിന്റെ പിടിപ്പുകേടാണ് അക്കാദമിയുടെ നിലവിലെ അവസ്ഥക്ക് കാരണമായി പറയപ്പെടുന്നത്.