ശ്രീനഗർ: നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ചിൽ പാക് സൈന്യം നടത്തിയ വെടി നിർത്തൽ കരാർ ലംഘനത്തിൽ ഒരു സൈനികന് പരിക്ക്. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് വ്യോമസേനാ മേധാവി അരൂപ് റാഹ പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അതിർത്തി മേഖലാ സന്ദർശനം പുരോഗമിക്കുന്നു.
ഇന്ന് രാവിലെ പൂഞ്ചിലെ കൃഷ്ണാ ഗാട്ടി സെക്ടറിലാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. മേഖലയിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു.
ഇന്നലെ രാത്രി ഷോപിയാനിലെ പൊലീസ് പോസ്റ്റിന് നേരെ ഭീകരർ ആക്രണം നടത്തിയിരുന്നു. രണ്ട് ഭീകരരടങ്ങുന്ന സംഘവുമായി ഏറ്റുമുട്ടുന്നതിനിടെ നാസിർ അഹമ്മദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടു. വെടിയുതിർത്ത ശേഷം ഭീകരർ ഇരുട്ടിൽ മറഞ്ഞു. ജനവാസ കേന്ദ്രമായതിനാൽ ഭീകരർക്കെതിരെ തുറന്ന ആക്രമണം നടത്താൻ പൊലീസിനു കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ വെടിവെപ്പുണ്ടായത്.
അതേ സമയം രാജ്യത്തിനു നേരെ ഉയരുന്ന ഏതൊരു അടിയന്തിര സാഹചര്യത്തേയും നേരിടാൻ വ്യോമസേന സജ്ജമാണെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അരൂപ് റാഹ പറഞ്ഞു. വ്യോമ സേന ദിനത്തിന്റെ ഔദ്യോഗിക ആഘോഷചടങ്ങിൽ പങ്കെടുക്കവേ ആണ് അദ്ദേഹം ആത്മ വിശ്വാസം വ്യക്തമാക്കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നടത്തുന്ന അതിർത്തി മേഖലാ സന്ദർശനം പുരോഗമിക്കുകയാണ്. ബോർഡർ ഔട്ട് പോസ്റ്റുകളിലാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. അതിർത്തി രക്ഷാ സേനയുടെ ഉന്നത ഉദ്യോഗസ്ഥരുമായും രാജ്നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും.