തിരുവനന്തപുരം : സംസ്ഥാനത്ത് ഭീകരവാദം ശക്തി പ്രാപിച്ചിട്ടും, ഉറക്കം നടിക്കുന്ന സർക്കാരിനെതിരായ പ്രതിഷേധം ഇരമ്പുന്നു. വിഘടനവാദികളെ ഒളിഞ്ഞും തെളിഞ്ഞും സംരക്ഷിക്കുന്ന സർക്കാരിന്‍റെ നിലപാട് രാജ്യദ്രോഹമാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് ബിജെപിയുടെ പ്രതിഷേധ ജ്വാല നടന്നത്. മുസ്ലീം ലീഗിന് തീവ്രവാദത്തെ വളര്‍ത്തുന്നതില്‍ വലിയ പങ്കുണ്ടെന്നും ഇടതു വലതു മുന്നണികള്‍ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും വിവിധ കേന്ദ്രങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
വിഘടനവാദികളെ പിന്തുണച്ചും അവർക്ക് രഹസ്യ താവളങ്ങൾ ഒരുക്കിയും ഇരു മുന്നണികളും തീവ്രവാദത്തെ പിന്തുണച്ചതിന്‍റെ ഫലമാണ് കേരളം ഇന്ന് നേരിടുന്ന ഭീഷണിയെന്ന് ഓ രാജഗോപാൽ എംഎൽഎ പറഞ്ഞു. രാജ്യത്ത് എവിടെ തീവ്രവാദികൾ പിടിയിലായാലും അവർക്ക് കേരളവുമായി ബന്ധമുണ്ടെന്ന അവസ്ഥയാണ്. അധികാരത്തിനു വേണ്ടി തീവ്രവാദികളെ തുറന്നെതിര്‍ക്കാൻ പോലും മാറിമാറി വന്ന സർക്കാരുകൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരതയ്‌ക്കെതിരെ നടപടിയെടുത്ത കേന്ദ്രസർക്കാരിനെ പാക് ഏജന്‍റുമാരല്ലാത്ത എല്ലാവരും പ്രശംസിച്ചു. ഭീകരർക്കെതിരായ നടപടി ഒരു പ്രത്യേക മതത്തിനെതിരായി ചിത്രീകരിക്കാനുള്ള പ്രവണതയാണ് ഇടതുപക്ഷം കാണിക്കുന്നത്. കേരളം കശ്മീരാക്കുമെന്ന പ്രഖ്യാപനം 2 ദശാബ്ദത്തിന് മുൻപ് തന്നെ ഇവിടെ ഉയർന്നതാണ്. സിനിമ ഇസ്ലാമിനെതിരാണെന്ന് പറഞ്ഞ് മലപ്പുറം ജില്ലയിൽ 14 തിയേറ്ററുകൾ കത്തിച്ച സംഭവമുണ്ടായിട്ടുണ്ട്. രാജ്യപുരോഗതിയെ എതിർക്കുന്ന നിലപാടാണ് സിപിഎം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. ഇത്തരം വിഷയങ്ങളിൽ ബിജെപി സ്വീകരിക്കുന്ന നിലപാട് ഏതെങ്കിലും മതത്തിനോ പാർട്ടിക്കോ എതിരല്ല.
ഭാരതത്തിന്റെ ദേശീയതയെക്കുറിച്ച് സിപിഎമ്മിനും കോൺഗ്രസിനും ഇതുവരെ വ്യക്തതയില്ലെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ.പത്മനാഭൻ പറഞ്ഞു. രാജ്യത്തെ ശിഥിലമാക്കുവാൻ ശ്രമിക്കുന്ന വിഘടനവാദികൾക്ക് അതുകൊണ്ടാണ് ഇവർ പിൻതുണ നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി തൃശ്ശൂർ ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നും ഇടതു വലതു മുന്നണികള്‍ അവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും ദേശിയ ജനാധിപത്യ സഖ്യത്തിന്‍റെ ആഭിമുഖ്യത്തില്‍ പാലക്കാട് നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.
സംസ്ഥാനത്ത് നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് ബിജെപി ദേശീയസമിതി അംഗം അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ എന്‍ഡിഎ സംഘടിപ്പിച്ച പ്രതിഷേധജ്വാലയും ധര്‍ണയും കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിന്റെ വേരുകള്‍ അന്വേഷിച്ചാല്‍ ചെന്നെത്തുക സിപിഎം കോണ്‍ഗ്രസ് കേന്ദ്രങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീംലീഗ് തീവ്രവാദികളെ പ്രോല്‍സാഹിപ്പിക്കുയാണെന്നും കാസര്‍കോട്, മാറാട് കലാപങ്ങളില്‍ പങ്കില്ലെങ്കില്‍ എന്തിനാണ് മുസ്ലിംലീഗ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍ ചോദിച്ചു. കാസര്‍കോട്ട് സംഘടപ്പിച്ച എന്‍.ഡി.എ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് നടന്ന പ്രതിഷേധ സമരം ബി.ജെ.പി സംസ്ഥാന വക്താവ് ജെ.ആര്‍.പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു.