തിരുവനന്തപുരം: ഭാര്യാസഹോദരിയും സിപിഎം നേതാവുമായ പി.കെ ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായി നിയമിച്ച സംഭവത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനെ ലക്ഷ്യമിട്ട് പ്രതിപക്ഷം. ജയരാജന്റെ പ്രവര്‍ത്തി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും അതുകൊണ്ടു തന്നെ ഇക്കാര്യം അന്വേഷിക്കണമന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി.
മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇ.പി ജയരാജന് ചെയതിട്ടുളളതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ജയരാജനെതിരേ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് തന്റെ ആവശ്യമെന്നും വിജിലന്‍സിന്റെ നടപടികള്‍ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് ഇ.പി ജയരാജന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സംഭവം അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെയും ചെന്നിത്തല വിമര്‍ശിച്ചു. യോഗ്യതയില്ലാത്ത ബന്ധുക്കള്‍ക്ക് നിയമനം നല്കി ഇ.പി ജയരാജന് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരനും ആരോപിച്ചു.
അതിനിടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ വന്നിട്ടുളള പോരായ്മകള്‍ സിപിഎം പരിശോധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദുബായില്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും അതാത് വകുപ്പുകളാണ് അത് ചെയ്യാറെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പി.കെ ശ്രീമതിയുടെ മകന് പി.കെ സുധീറിനെ വ്യവസായ വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇയുടെ എംഡിയായി നിയമിച്ചതാണ് വിവാദമായത്. പ്രതിഷേധം ശക്തമായതോടെ നിയമനം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.