ഗാസിയാബാദ്: ഏത് വെല്ലുവിളിയും നേരിടാന്‍ സായുധസേനകള്‍ സജ്ജമാണെന്ന് വായുസേനാ മേധാവി അരൂപ് റാഹ. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും നിരന്തരം ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെയും പ്രകോപനങ്ങളുടെയും അതിര്‍ത്തിയിലെ സംഘര്‍ഷ സ്ഥിതിയുടെയും പശ്ചാത്തലത്തിലാണ് വായുസേനാ മേധാവിയുടെ പ്രതികരണം. വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച് ഗാസിയാബാദിലെ വ്യോമതാവളത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠാന്‍കോട്ടില്‍ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ആക്രമണവും ഉറിയിലെ ഭീകരാക്രമണവും നാം ഏത് കാലത്താണ് ജീവിക്കുന്നതെന്ന ഓര്‍മപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു. റാഫേല്‍ യുദ്ധവിമാനങ്ങളുടെ വരവ് സേനയുടെ പ്രഹരശേഷി കൂട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുളള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്കി. ഇതേക്കുറിച്ച് നിലവില്‍ വളരെയേറെ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം പ്രതീക്ഷിക്കുന്ന ഫലം നല്‍കുകയെന്നതാണ് സായുധസേനയുടെ ധര്‍മം. അതേക്കുറിച്ച് സംസാരിച്ച് നടക്കാന്‍ സൈന്യം തയ്യാറാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കരസേന മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ്, വ്യോമസേനയിലെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ കൂടിയായ സച്ചിന് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവര്‍ ഗാസിയാബാദിലെ ഹിന്ദോണ്‍ വ്യോമതാവളത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. വിശിഷ്ടസേവാ മെഡലുകള്‍ ചടങ്ങില്‍ വിതരണം ചെയ്യുകയും ചെയ്തു.