കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ പൊലീസിന്റെ കിരാതവാഴ്ച. ജന്‍മഭൂമി പത്രമോഫീസ് പരിസരത്ത് നില്‍ക്കുകയായിരുന്ന യുവമോര്‍ച്ച നേതാക്കളെയും ജന്‍മഭൂമി അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ടി. ബിജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഇതിന് ശേഷമാണ് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ പൊലീസ് തയ്യാറായത്.
സ്വാശ്രയ പ്രശ്‌നത്തില്‍ വന്‍ പ്രതിഷേധം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ ഭാഗമായിരുന്നു പൊലീസിന്റെ നടപടി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി അരുണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി ജിയേഷ്, സംസ്ഥാന സമിതി അംഗം റിതേഷ് തുടങ്ങി എട്ട് പേരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ ജന്‍മഭൂമിയുടെ ഓഫീസിലേക്ക് കയറി പത്രത്തിന്റെ അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ടി. ബിജുവിനെയും അറസ്റ്റ് ചെയ്തു.
ഇവരെ പിന്നീട് പൊലീസ് വാഹനത്തില്‍ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. നേതാക്കളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് സംഘടിച്ച ബിജെപി പ്രവര്‍ത്തകര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ സ്ഥലത്ത് പൊലീസ് നിലയുറപ്പിക്കുകയും എന്തെങ്കിലും പ്രകോപനം ഉണ്ടെങ്കില്‍ ഇടപെടുകയുമാണ് പതിവ്. ഇവിടെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് നേതാക്കളെ ബലമായി അറസ്റ്റ് ചെയ്തത്. മാത്രമല്ല ഇവരെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. അടിയന്തരാവസ്ഥയെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് പൊലീസ് പെരുമാറുന്നതെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.