ബഹ്ലാൻ: അഫ്ഗാനിസ്ഥാനിലെ ബഹ്ലാൻ പ്രവിശ്യയിൽ അഫ്ഗാൻ സൈനിക ഹെലികോപ്ടർ തകർന്നു വീണ് എട്ടു പേർ കൊല്ലപ്പെട്ടു. അപകടകാരണം സാങ്കേതികതകരാറാണെന്നു വിലയിരുത്തപ്പെടുന്നു.
അഞ്ച് ക്രൂ അംഗങ്ങളും, മൂന്ന് സൈനികരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ പ്രതിരോധമന്ത്രാലയവക്താവ് ദവാൾട്ട് വാസിരി അറിയിച്ചു. ദാന്ദ് ഘോരി ജില്ലയിലെ സൈനികതാവളത്തിനു സമീപമാണ് സാങ്കേതികത്തകരാർ മൂലം കോപ്ടർ തകർന്നു വീണതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഹെലികോപ്ടർ തങ്ങൾ വെടി വച്ചു വീഴ്ത്തിയതാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അവകാശപ്പെട്ടു. മാദ്ധ്യമങ്ങൾക്കു നൽകിയ സന്ദേശത്തിലാണ് അഫ്ഗാൻ കോപ്ടർ വെടിവച്ചിട്ടത് താലിബാനാണെന്ന് അവകാശമുന്നയിച്ചിരിക്കുന്നത്. സമീപകാലത്ത് അഫ്ഗാൻ പ്രവിശ്യകളിൽ താലിബാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.