തിരുവനന്തപുരം: ബന്ധുക്കളെ വിവിധ തസ്തികകളില്‍ നിയമിച്ചതിലൂടെ വിവാദത്തിലായ വ്യവസായമന്ത്രി ഇ.പി ജയരാജനെതിരേ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പൂജയുടെ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ദിവസം തന്നെ ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വാര്‍ത്താമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി അറിയാതെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന വാദം പി.കെ ശ്രീമതിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു. ഇ.പി ജയരാജനെതിരെ നടപടി വേണമെന്ന് വി.എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടത് ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളുടെ നിലപാടിനുള്ള അംഗീകാരമാണെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.
രാജിവെയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇ.പി ജയരാജനെ പുറത്താക്കണമെന്ന ബിജെപിയുടെ ആവശ്യം ന്യായമാണെന്ന് പൊതുസമൂഹത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുഖ്യമന്ത്രി തയ്യാറാകണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു. ജയരാജനെതിരേ നിലവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ബിജെപിയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.