ശ്രീനഗർ: ജമ്മുകശ്മീരിലെ പാംപോറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നു. പാംപോറിലെ ഒരു സർക്കാർ കെട്ടിടത്തിൽ കടന്നു കൂടിയ ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. തുടർച്ചയായി നടക്കുന്ന വെടിവയ്പ്പിൽ ഒരു സൈനികനു പരിക്കേറ്റിട്ടുണ്ട്. പാംപോറിലെ ഇ.ഡി.ഐ കാമ്പസിലെ കെട്ടിടത്തിലാണ് ഭീകരർ കടന്നു കൂടിയത്. ഈ കെട്ടിടം ഇപ്പോൾ സൈന്യം പൂർണ്ണമായും വളഞ്ഞിരിക്കുകയാണ്.
കെട്ടിടത്തിനുള്ളിൽ മൂന്നു പേരുണ്ടെന്നാണ് നിഗമനം. ഏഴു നിലകളുള്ള കെട്ടിടത്തിൽ അൻപതോളം മുറികളുണ്ട്. വെടിവയ്പ്പിൽ കെട്ടിടത്തിന് ഭാഗികമായി കേടുപാടു സംഭവിച്ചിട്ടുമുണ്ട്. സൈനിക നടപടി തുടരുകയാണ്. പാകിസ്ഥാൻ വഴി ഒഴുകുന്ന ഝലം നദി വഴി ബോട്ടിലാണ് ഭീകരർ ഇവിടെയെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഫെബ്രുവരിയിൽ സി.ആർ.പി.എഫ് സംഘത്തെ ആക്രമിച്ച ശേഷം ഭീകരവാദികൾ ഒളിച്ചിരുന്നതും ഇതേ കെട്ടിടത്തിലാണ്. അന്നു നടന്ന ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നുണ്ടായ സൈനികനടപടിയിൽ കെട്ടിടത്തിലുണ്ടായിരുന്ന മൂന്നു ഭീകരരെയും കൊലപ്പെടുത്തി.