ബീജിംഗ്: ഭാരതത്തിന്റെ എൻ.എസ്.ജി പ്രവേശനവുമായി ബന്ധപ്പെട്ട് സാദ്ധ്യതാചർച്ചകൾക്കു സന്നദ്ധതയറിയിച്ച് ചൈന. ഇന്ത്യയുടെ എൻ.എസ്.ജി പ്രവേശനം സംബന്ധിച്ച ചർച്ചകൾക്ക് ചൈനയുടെ വിദേശകാര്യ ഉപമന്ത്രി ലീ ബവോഡോംഗ് ആണ് സന്നദ്ധതയറിയിച്ചത്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനയുടെ പ്രസിഡന്റ് സി ജിൻ പിങ്ങിന്റെ ഇന്ത്യാസന്ദർശനത്തിനു മുന്നോടിയായുള്ള ചൈനയുടെ മനം മാറ്റം ഭാരതത്തിന് ആശാവഹമാണ്. സമവായ ചർച്ചകൾക്ക് തങ്ങൾ ഒരുക്കമാണെന്നും, മറ്റു രാജ്യങ്ങളുമായും ഭാരതം ചർച്ച ചെയ്യണമെന്നും ലീ പറഞ്ഞു.
നാൽപ്പത്തിയെട്ടംഗ ആണവവിതരണ ഗ്രൂപ്പിൽ അംഗത്വമെടുക്കുന്നതു സംബന്ധിച്ച് നയതന്ത്രതലചർച്ചകൾ ചൈനയുമായി ഭാരതം നേരത്തേ നടത്തിയിരുന്നു. വിഷയത്തിൽ ചൈനയുടെ സഹകരണം ഉറപ്പാക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആണവവിതരണ ശൃംഖലയിലെ മറ്റ് അംഗരാജ്യങ്ങളുമായും ചർച്ചകൾ നടത്തിയിരുന്നു.
അതേസമയം ജെയ്ഷെ തലവൻ മസൂദ് അസ്‌ഹറിനെ ആഗോളഭീകരവാദികളുടെ പട്ടികയിലുൾപ്പെടുത്തുന്നതു സംബന്ധിച്ച് ഭാരതം യു.എന്നിൽ സമർപ്പിച്ച അപേക്ഷയിന്മേൽ ഭാരതത്തിന്റെ ഭാഗത്തു നിന്നും ചൈന കൂടുതൽ വിട്ടുവീഴ്ച പ്രതീക്ഷിക്കുന്നുണ്ടെന്നത് വ്യക്തമാണ്. ഇന്ത്യയും പാകിസ്ഥാനുമായി വീണ്ടും ഒരു ചർച്ചയാണ് പരോക്ഷമായി ചൈന ആവശ്യപ്പെടുന്നതെന്ന് നയതന്ത്രവിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. പഠാൻകോട്ട് സൈനിക താവള ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് മസൂദ് അസ്‌ഹർ. മസൂദിനെ രാജ്യാന്തര ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ തങ്ങൾ എതിർക്കുമെന്നും ലീ വ്യക്തമാക്കി.
എൻ.എസ്.ജി പ്രവേശനവിഷയത്തിൽ പൊതുസമ്മതം ആവശ്യമാണെന്ന വ്യവസ്ഥയാണ് ചൈന ഉയർത്തിക്കാട്ടുന്നത്. ഈ വ്യവസ്ഥ ചൈനയുടേതല്ലെന്നും, എൻ.എസ്.ജി പ്രവേശനത്തിനുള്ള പൊതുവായ നിയമമാണെന്നും ചൈന ആവർത്തിക്കുന്നു. പാകിസ്ഥാനുമായി ഒരു സമവായ ചർച്ചയ്‌ക്ക് ഭാരതത്തിനു മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇതു വഴി ചൈന ലക്ഷ്യമിടുന്നതെന്നും നിരീക്ഷണങ്ങളുണ്ട്.